മാവേലിക്കര: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ മാവേലിക്കര തെക്കേക്കര തടത്തിലാൽ ചിറ്റേത്ത് വടക്കതിൽ ഗൗരിയമ്മയുടെ മകൾ മഞ്ജുള (35)യ്ക്ക്. അവിവാഹിതയായ മഞ്ജുള 15 വർഷമായി ലോട്ടറിയെടുക്കുന്നുണ്ട്. പലതവണ സമ്മാനം ലഭിച്ചിട്ടുമുണ്ട്. ഒന്നാം സമ്മാനം നേടുന്നത് ഇതാദ്യമാണ്.
ഓഗസ്റ്റ് 21ന് നറുക്കെടുക്കേണ്ട സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് പ്രളയ ദുരന്തം കാരണം 28ലേക്കു മാറ്റിയിരുന്നു. മാങ്കാംകുഴിയിലെ ഭാഗ്യദേവത എന്ന ലോട്ടറി സ്ഥാപനത്തിൽനിന്നു ടിക്കറ്റുകളെടുക്കുന്ന ലോട്ടറി വില്പനക്കാരനിൽ നിന്നും 384067 എന്ന നന്പരുള്ള വ്യത്യസ്ത സീരീസുകളിലെ 12 ടിക്കറ്റുകളാണ് മഞ്ജുള എടുത്തത്. ഇവയിൽ ഒരു ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഒരു വയസുള്ളപ്പോൾ പിതാവ് മാധവൻ മരിച്ച ശേഷം ജീവിതത്തിൽ ഏറെ കഷ്ടപ്പാടനുഭവിച്ചതായി മഞ്ജുള പറയുന്നു.
മാവേലിക്കരയിലെ പാരലൽ കോളജിൽ പ്രീഡിഗ്രി പഠനം കഴിഞ്ഞ ശേഷം ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ മഞ്ജുള വൃദ്ധയായ അമ്മയ്ക്കൊപ്പം സഹോദരന്റെ സംരക്ഷണയിലാണ് കഴിഞ്ഞു വരുന്നത്. സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ മാവേലിക്കര ശാഖയിൽ ഹാജരാക്കി.