തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ എംഡി ടോമിന് തച്ചങ്കരി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് ദുരന്തമായി പ്രളയം എത്തുന്നത്. പലകോണുകളില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഒന്നു നേരെ നിന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി പ്രളയം കേരളത്തെ വിഴുങ്ങുന്നത്. ഇതോടെ കാര്യങ്ങള്‍ പഴയതിലും ഗുരുതരമായി. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരികയും, കടം പെരുകി ഡീസല്‍ പോലും കിട്ടാത്ത അവസ്ഥ വരികയും ചെയ്തു. ഇതോടെയാണ് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കോര്പ്പറേഷന് നിര്‍ബന്ധിതമായത്.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ശ്രമം. തിരക്കുള്ളപ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുകയും യാത്രക്കാര്‍ കുറവുള്ളപ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യും. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെയും യാത്രക്കാര്‍ കൂടുതലുള്ള സമയത്ത് കൂടുതല്‍ ബസുകള്‍ ഓടിക്കും. കൂടുതല്‍ യാത്രക്കാരുള്ള റൂട്ടില്‍, രണ്ടു ബസുകള്‍ക്കിടയ്ക്കുള്ള സമയദൈര്‍ഘ്യം കുറയ്ക്കും. തിരക്ക് കുറഞ്ഞ ഉച്ചസമയത്തെ ട്രിപ്പുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കൂട്ടും. ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലഭിക്കാന്‍ വേണ്ടി മാത്രം ഓടിച്ചിരുന്ന ട്രിപ്പുകള്‍ നിര്‍ത്താനാണ് പദ്ധതി. ബസ് ഓടുന്ന സമയം അടിസ്ഥാനമാക്കിയാണ് ജീവനക്കാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നത്. ഉച്ചയ്ക്കുള്ള ട്രിപ്പുകള്‍ റദ്ദാക്കുമ്പോള്‍ അതനുസരിച്ച് ഷെഡ്യൂള്‍ സമയം നീളും. അത്രയും നേരം ജീവനക്കാര്‍ തുടരേണ്ടി വരും. ഇതാണ് ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിന് കാരണമെന്ന് മാനേജ്മെന്റ് പറയുന്നു.
തിരക്ക് കുറഞ്ഞ സമയത്തെ ചില ബസുകള്‍ റദ്ദാക്കുന്നതുകൊണ്ട് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്നാണ്് തച്ചങ്കരിയുടെ നിലപാട്. പകല്‍ 11-ന് ശേഷം ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്തെ ട്രിപ്പുകളില്‍ ഡീസല്‍ ചെലവിനുള്ള വരുമാനം പോലും ലഭിക്കാത്തവയുണ്ട്. അതിനാലാണ് വരുമാനമില്ലാത്ത 30 ശതമാനം ട്രിപ്പുകള്‍ നിര്‍ത്തിയത്. ഇതനുസരിച്ച് ഓരോ ഡിപ്പോകള്‍ക്കും നല്‍കിയിരുന്ന ഡീസല്‍ അളവ് കുറച്ചു. ദിവസം മൂന്നരക്കോടി രൂപ ഡീസലിന് നല്‍കിയിരുന്നിടത്ത് 2.70 കോടി രൂപയായി ചെലവ് പരിമിതപ്പെടുത്താനായി.
എന്നാല്‍, ആറരക്കോടി എന്ന ദിവസവരുമാനം അതേപടി നിലനിര്‍ത്താനും കഴിയുന്നുണ്ട്. ഓണശമ്പളം നല്കാന് എണ്ണക്കമ്പനികള്‍ക്കുള്ള തിരിച്ചടവില്‍ ഒന്നരക്കോടി രൂപവീതം കുറവ് വരുത്തിയിരുന്നു. ഈ തുക തിരിച്ച് നല്‍കാനും തുടങ്ങി. മുന്‍ കുടിശ്ശികയടക്കം ദിവസം നാലുകോടി രൂപയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത്. ഡ്യൂട്ടിയ്ക്കു വേണ്ടിയുള്ള കള്ളട്രിപ്പുകള് നിര്‍ത്താനും ഡ്യൂട്ടി അഴിച്ചു പണിയാനുമുള്ള തച്ചങ്കരിയുടെ നീക്കത്തിനെതിരേ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. സമരത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടും പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്ന സിഎംഡിയെ നിലയ്ക്കുനിര്ത്തുവാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് യൂണിയനുകള്‍.