പതിനായിരക്കണക്കിന് കോടിയുണ്ടെങ്കിലേ കേരളത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ സാധിക്കുകയുള്ളൂ. ഉള്ളവനും ഇല്ലാത്തവനും ഭിക്ഷക്കാരനും കോടീശ്വരനും എല്ലാം തങ്ങളുടെ മനസാക്ഷിയ്ക്ക് തോന്നുന്ന വിധത്തില്‍ വലുതും ചെറുതുമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലയാളി പോലുമല്ലാത്ത ഒരു ജഡ്ജി, തന്റെ പദവി ഉപയോഗിച്ച് കേരളത്തിനുവേണ്ടി ചെയ്യുന്ന മഹത്തായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതും കയ്യടി നേടുന്നതും.
കേരളത്തിന് കൈത്താങ്ങ് ഒരുക്കിക്കൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ സെന്നിന്റെ വേറിട്ട നടപടികളാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. കഴിഞ്ഞാഴ്ച ജസ്റ്റിസ് സെന്നിന്റെ മുന്‍പാകെ വന്ന ജാമ്യാപേക്ഷകളിലെല്ലാം അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ഉത്തരവിട്ടുകൊണ്ടാണ്. അതുവഴി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് എത്തിയത് അഞ്ചര ലക്ഷം രൂപയും.
ആഗസ്റ്റ് 24 മുതല്‍ മുപ്പത് വരെയുള്ള കാലയളവില്‍ ജസ്റ്റിസ് സെന്‍ പരിഗണിച്ചത് 27 ജാമ്യാപേക്ഷകള്‍. ഓരോ അപേക്ഷയിലും 5000 മുതല്‍ 75000 രൂപ വരെ കോടതിച്ചെലവ് വിധിച്ചു. കേരളത്തിന് വേണ്ടി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന മുറയ്ക്കാണ് ജാമ്യം ഉത്തരവ് നടപ്പിലാവുകയെന്ന് അദ്ദേഹം പ്രത്യേകം എഴുതിവച്ചു. കക്ഷികളുടെ ആസ്തിയും കുറ്റാരോപിതര്‍ക്കെതിരായ കുറ്റങ്ങളുടെ തീവ്രതയും നോക്കിയാണ് ജസ്റ്റിസ് സെന്‍ തുക നിശ്ചയിച്ചത്.
ജാര്‍ഖണ്ഡ് ഹൈക്കോടതി മാത്രമല്ല, രാജ്യത്തെ മറ്റ് ഹൈക്കോടതികളും കേരളത്തിന് കൈത്താങ്ങൊരുക്കാന്‍ അവരുടെതായ രീതിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. മധ്യപ്രദേശ് ഹൈക്കോടതിയും കഴിഞ്ഞാഴ്ച ഒരു കേസ് പരിഗണിക്കവേ കക്ഷിയോട് കേരളത്തിന് സംഭാവന നല്കാന് ഉത്തരവിട്ടിരുന്നു.