കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി കെ. സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെയും ഇത്തരത്തില്‍ സന്തോഷ് തട്ടിപ്പ് നടത്തിയിരുന്നതായും ജോലി കൊടുക്കാന്‍ കഴിയാതെവന്നതോടെ തുക തവണകളിലായി തിരിച്ചുകൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റദ്ദായ പോലീസ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു സന്തോഷ് കുമാറിനെതിരേയുള്ള പരാതി.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നവംബറില്‍ തീര്‍ന്നിരുന്നു. ഇതില്‍ നിയമനം ലഭിക്കാത്തവര്‍ കാലാവധി നീട്ടിക്കിട്ടുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കെ സന്തോഷ് ഇവരുടെ രഹസ്യയോഗം വിളിച്ചു. കാലാവധി നീട്ടി ജോലി വാങ്ങിത്തരാമെന്നും ജില്ലയില്‍ മുന്‍പും ഇത്തരത്തില്‍ പോലീസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. പത്തു ലക്ഷം രൂപയാണ് സന്തോഷ് ആവശ്യപ്പെട്ടതെന്നാണ് വിവരം.