ഹരിപ്പാട്: ദേശീയ പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ഹരിപ്പാട് താമല്ലാക്കൽ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 5.50നായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടറുകൾ കയറ്റി വരുകയായിരുന്ന ലോറികളാണ് അപകടത്തിൽപ്പെട്ടത്.
സിലിണ്ടർ കയറ്റി സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിന്നിൽ ഭാരത് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. പിന്നിൽ ഇടിച്ച ലോറിയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരിൽ ഒരാളാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായതിനാൽ ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കൂടുതൽ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ മുൻവശം പാടേ തകർന്നു പോയ ലോറി വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന ഡ്രൈവർ പ്രമോദിനെ (35) പുറത്തെടുത്തത്. കാലിന് മുറിവേറ്റ ഇയാളെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ല.
മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ പുറക്കാട് ഇല്ലത്ത് പറന്പിൽ വിജയന്റെ മകൻ മുരുകേശൻ (35)ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാൾ ഹരിപ്പാട് കഐസ്ആർടിസി ഡിപ്പോയിലെ എം പാനൽ കണ്ടക്ടറാണ്.
ലീഡിംഗ് ഫയർമാൻമാരായ റ്റി.ജി മണിക്കുട്ടൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹരിപ്പാട് ,കായംകുളം എന്നിവിടങ്ങളിൽ നിന്ന് 2 അഗ്നിനി രക്ഷാ സേനാ യൂണിറ്റുകൾ എത്തി വളരെ പരിശ്രമിച്ചാണ് ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഹൈവേ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.