അതിരപ്പിള്ളി: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതു നാടിനു നല്ലതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിൽ ഭരണമുന്നണിയിൽതന്നെ അഭിപ്രായ വ്യത്യാസമുണ്ട്. അതിൽ സമന്വയം ഉണ്ടാകേണ്ടതുണ്ട്.
അണക്കെട്ടിനു മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകി നാശങ്ങളുണ്ടായ പെരിങ്ങൽക്കുത്ത് ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.വെളളം നിറഞ്ഞൊഴുകിയതിനെതുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഡാമിലുണ്ടായത്. ഡാമിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചുപോയി. ഷട്ടറുകൾക്കും ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന മോട്ടോറുകൾക്കും ഡാമിനു മുകളിലെ സംരക്ഷണ ഭിത്തികൾക്കും നാശ നഷ്ടങ്ങളുണ്ടായി.
ചരിത്രത്തിലെ ഏറ്റവും വലിയ മഴയും ഉരുൾപൊട്ടലുമുണ്ടായതിനാലാണ് 1924 നേക്കാൾ വലിയ പ്രളയമുണ്ടായത്. പ്രളയത്തേയും ഉരുൾ പൊട്ടലിനേയും തുടർന്ന് നിരവധി പവർഹൗസുകൾ തകരാറിലായതിനാൽ വൈദ്യുതി ഉത്പാദനത്തിൽ 400 മെഗാവാട്ടിന്റെ കുറവുണ്ടായി വൈദ്യുതി വകുപ്പിനു കോടികളുടെ നഷ്ടമാണുണ്ടായതെന്നു മന്ത്രി പറഞ്ഞു.
ബി.ഡി.ദേവസി എംഎൽഎ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഒ.ബാബുരാജ്, എക്സി.എൻജിനീയർ കെ.സുമ, അസി.എക്സി.എൻജിനീയർ പി. സുരേഷ് കുമാർ, ചീഫ് എൻജിനീയർ ജനറേഷൻ ഫിജി ജോസ്, എക്സി.എൻജിനീയർ എൻ.ടി.ജോബ് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.