വിവാഹവാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി ഇതിവിടെ കിടക്കട്ടേ! അകാലത്തില്‍ വേര്‍പിരിഞ്ഞ പ്രിയതമയുടെ ഓര്‍മകളുമായി രമേഷ്‌കുമാര്‍ വീണ്ടും; ഒരു നെടുവീര്‍പ്പോടെയല്ലാതെ വായിച്ചു തീര്‍ക്കില്ല നിങ്ങളിത്

പ്രണയത്തിന് കാലമില്ല എന്ന് പറയുന്നത് വളരെ ചുരുക്കം ആളുകളുടെ കാര്യത്തില്‍ മാത്രമാണ് ശരി. അത്തരത്തിലൊരാളാണ് രമേഷ്‌കുമാര്‍ എന്ന ചെറുപ്പക്കാരന്‍. അല്ലെങ്കില്‍പ്പിന്നെ അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമയെക്കുറിച്ച് അവള്‍ അരികില്‍ ഇരിക്കുന്നു എന്ന രീതിയില്‍ ഇങ്ങനെ കുറിക്കാന്‍ കഴിയുമോ. തങ്ങള്‍ അനുഭവിച്ച സന്തോഷങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ കഴിയുമോ. രമേഷ്‌കുമാറിന് അത് കഴിയും. അതുകൊണ്ടാണല്ലോ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ഭാര്യാഭര്‍തൃ ബന്ധത്തിന്റെയും മാതൃക തന്നെയായി പലരും രമേഷിനെയും കുടുംബത്തെയും കാണുന്നത്.

ഒന്നരവര്‍ഷം മുമ്പാണ് രാമേഷിന്റെ ഭാര്യ തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് മരിച്ചത്. തങ്ങളുടെ ജീവിതം എന്നും ആഘോഷമായിരുന്നുവെന്നും അവള്‍ തന്നോടൊപ്പം എന്നുമുണ്ടെന്നും ഓര്‍മിപ്പിക്കുകയാണ് രമേഷ്. ഭാര്യയെക്കുറിച്ചുള്ള രമേഷിന്റെ കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ രണ്ടിന് വിവാഹവാര്‍ഷമായിരുന്നുവെന്നും അതിനാല്‍ ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയാണെന്നും പറഞ്ഞാണ് ഏറ്റവും പുതുതായി രമേഷ് ചിത്രവും കുറിപ്പുമിട്ടിരിക്കുന്നത്. തങ്ങളുടെ പ്രണയനാളുകളുടെ ഓര്‍മകളാണ് കുറിപ്പുകളില്‍ നിറയെ. ഒരു നെടുവീര്‍പ്പോടെ കണ്ണുകളില്‍ നനവ് വരാതെ ആര്‍ക്കും ഈ കുറിപ്പ് വായിച്ച് തീര്‍ക്കാനാവില്ല തീര്‍ച്ച.

രമേഷിന്റെ കുറിപ്പ് വായിക്കാം

ഒരുപാട് നാളായി ഒരുമിച്ചൊരു ഫോട്ടോ ഇട്ടിട്ട്,

കിടക്കട്ടെ ഒരെണ്ണം ചില പ്രിയപ്പെട്ട ദിവസങ്ങളില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ലതാ.

ഒരു കുഞ്ഞി കഥ പറയാം,ഒരു പാതിരാത്രിയിലാണ് പ്രണയം വന്നു വാതിലില്‍ മുട്ടിയത് എപ്പോഴും പറയുന്നപോലെ ഇവിടാരുമില്ല പോയിട്ട് പിന്നെ വരൂ എന്ന് പറഞ്ഞില്ല വാതില്‍ തുറന്നു ഉള്ളിലേക്ക് കയറിയ പ്രണയത്തോട് പറഞ്ഞു ഇവിടെ ഇരിക്കാന്‍ ഒരു കസേരപോലുമില്ല അടുക്കളയില്‍പോയാല്‍ ഒരു കാപ്പിയിട്ട് കുടിക്കാം ഇടക്ക് കഞ്ഞിയാവും,ഇടക്ക് ബിരിയാണി,ചിലപ്പോള്‍ പട്ടിണി… കഷ്ടമാണ് എന്തിനാ വെറുതെ.. വാതില്‍ തുറന്നുതന്നെ കിടപ്പാണ് വേണമെങ്കില്‍ ……..

മറുപടി വന്നു , ഇല്ല…പോകുന്നില്ല കൂടാനാണ് തീരുമാനം ..എന്നത്തേയും പോലെ കുഞ്ഞുനുള്ളുമ്മകള്‍ മതി തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ചു കുഞ്ഞ് കുഞ്ഞു നുള്ളുമ്മകള്‍ ..അതില്‍ സ്‌നേഹമുണ്ട് കരുതലുണ്ട് അതില്‍കൂടുതല്‍ വേറെന്ത് വേണം …..

ഓ അപ്പോള്‍ തീരുമാനിച്ചുറപ്പിച്ചാണല്ലേ ?

ഉത്തരം….ചിരി …….

വീണ്ടും പറഞ്ഞു ,

ഭ്രാന്തനാണ് , മഴനനയണം, പുഴകാണണം, കടലില്‍മുങ്ങണം, കാട് കേറണം, എങ്ങോട്ടെന്നറിയാതെ യാത്രകള്‍ ചെയ്യണം, കുന്നിന്മുകളില്‍കേറി കൂവണം , തണുപ്പുള്ള രാത്രിയില്‍ ബൈക്കിലൊരുമിച്ചു പതിയെ കറങ്ങണം , തട്ടുകടയില്‍ പോയി കട്ടനും ഓംലെറ്റും കഴിക്കണം , ചൂടുള്ള കട്ടന്‍ ഊതി കുടിക്കുമ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു നില്‍ക്കണം,ടെറസിനുമുകളില്‍ മാനം നോക്കി കിടക്കണം , മഴത്തണുപ്പില്‍ ഉമ്മവെക്കണം , കെട്ടിപിടിക്കണം കഥപറഞ്ഞുറങ്ങണം ഉറക്കത്തിലും ചേര്‍ത്ത് പിടിക്കണം ….അങ്ങനെയങ്ങനെ ഒരുപാടുണ്ട് ..മുഴുത്ത വട്ട് ….

സഹിക്കുമോ ?

ഉത്തരം ..ആണോ അതിലപ്പുറമാണ് ഞാന്‍ …നിറഞ്ഞചിരി .

അങ്ങനെയാണ് രണ്ടു വട്ടുകള്‍ ചേര്‍ന്ന് മുഴുത്തവട്ടുരൂപംകൊള്ളുന്നത് .പിന്നൊന്നും നോക്കീല ഉള്ളംകൈയിലങ്ങിറുക്കിപ്പിടിച്ചു ഒരു താലിയും കെട്ടി പ്രണയത്തെ കൂടെയങ്ങുകൂട്ടി . ആ ദിവസമാണിന്ന് ടലു2ആറാംവിവാഹവാര്‍ഷികം …

ഇതൊക്കെക്കണ്ട് താനെന്താടോ ഇങ്ങനെയെന്നു ചോദിക്കരുത് ..ഞാനിങ്ങനെയാണ് …

പണ്ടൊക്കെ ഓരോ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുമ്പോള്‍ ഇടക്കിടക്ക് അവള്‍ ചോദിക്കും എത്ര ലൈക്ക് ആയെന്നു …98 ആയാല്‍ പറയും ശൊ രണ്ടു ലൈക്ക് കൂടെ ആയാല്‍ നൂറടിക്കും ല്ലെ ?നോക്കിനില്‍ക്കാതെ മറ്റുള്ളവര്‍ക്കും ലൈക്ക് കൊടുക്ക് മോനെ എന്ന് ..ഒടുവില്‍ നൂറു ആയാല്‍, ഓയ് കിച്ചപ്പാ…നമ്മള് നൂറടിച്ചെടാ എന്നും പറഞ്ഞു ഒരു സന്തോഷം ഉണ്ടവള്‍ക്ക് ….

കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ പോലും സന്തോഷിച്ചിരുന്ന അവള്‍ക്കുവേണ്ടിയാണ് …അവളുടെ സന്തോഷങ്ങളാണിത് …അതാണ് ഞാന്‍ ഇങ്ങനെയൊക്കെ.

സങ്കടവും, കരച്ചില്‍ സ്‌മൈലികളും വേണ്ട ….ഇന്നത്തെ ദിവസം സന്തോഷം മാത്രം മതി കേട്ടോ സുഹൃത്തുക്കളെ ….

തിരക്കിനിടയില്‍ , പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നുപോകരുത് , സ്‌നേഹിക്കാന്‍, പ്രണയിക്കാന്‍,ചേര്‍ത്തുപിടിക്കാന്‍, മറന്നുപോകരുത് …പിന്നെയാവട്ടെ എന്നുകരുതരുത് ….മനോഹരമായ ഒരു ജീവിതം ഉണ്ടാവട്ടെ എല്ലാര്‍ക്കും …ഞങ്ങള് അച്ഛനും മോനും കൂടെ ഇവിടെ തകര്‍ക്കുവാ കേട്ടോ ….അപ്പൊ ഇന്നത്തെ ദിവസം ഞങ്ങള്‍ക്കുവേണ്ടി ഓരോ കെട്ടിപ്പിടുത്തങ്ങളും , ഉമ്മകളും ചേര്‍ത്തുപിടിക്കലുകളും നുള്ളുമ്മകളും കൊണ്ട് ആഘോഷമാക്കുക

ഈ വിവാഹ വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായി ഇതിവിവിടെ കിടക്കട്ടെ ല്ലെ …..?

Related posts