വണ്ടിത്താവളം: അയ്യപ്പൻകാവിലുള്ള പെരുമാട്ടി പന്പ്ഹൗസ് മോട്ടോർ പുകഞ്ഞു തകരാറിലായതോടെ 500 ലധികം കുടുംബങ്ങളും കുടിവെള്ളം ലഭിക്കാതെ വലയുകയാണ്. തകർന്ന മോട്ടോർ ശരിപ്പെടുത്തി പുനസ്ഥാപിക്കാൻ മൂന്നുദിവസം വേണ്ടിവരുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.
വണ്ടിത്താവളം, പള്ളിമൊക്ക്, പന്തൽമുച്ചി, ഏന്തൽപ്പാലം, നന്ദിയോട് ,പാട്ടികുളം, തെക്കേക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്കു പെരുമാട്ടി പന്പ്ഹൗസിൽ നിന്നുമാണ് കുടിവെള്ള വിതരണം നടക്കുന്നത്.വണ്ടിത്താവളം, നന്ദിയോട്, ഏന്തൽപ്പാലം, പാട്ടികുളം ഭാഗത്തെ ഭക്ഷണശാലകൾക്കും ഇന്നലെ കൂടിവെള്ളം ലഭിക്കാതെ നെട്ടോട്ടത്തിലായിരുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ചു തവണയാണ് മോട്ടോർ തകരാറിലാവുന്നത്. ഈ പ്രദേശങ്ങളിലെ കുടുതലും ഗാർഹിക കണക്ക്ഷനിലാണ് കുടി വെള്ളം ലഭിച്ചു വരുന്നത്. വണ്ടിത്താവളം സ്കൂളിൽ 3000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ഇവർക്ക് വീടുകളിൽ കുളിക്കാനും ഇതര ആവശ്യങ്ങൾക്കും വെള്ളമില്ലാതെ വലയുകയാണ്. വ്യാപാരികൾ ഇന്നലെ ഓട്ടോയിലും മറ്റും ഇതര വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ ചെന്നാണ് അത്യാവശ്യത്തിനു വെള്ളം കൊണ്ടുവന്നത്.
കുടിവെള്ള വിതരണം വൈകുമെന്നതിനാൽ ലോറിവെള്ളം ആവശ്യപ്പെട്ട് തഹസിൽദാർക്ക് നിവേദനം നൽകാനും നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇടയ്ക്കിടെ പന്പ്ഹൗസ് മോട്ടോർ പുകയുന്നതിന്റെ കാരണം കണ്ടുപിടിച്ച് പരിഹാരനടപടിക്ക് ജലവിഭവകുപ്പ് അധികൃതർ ശ്രമിക്കുന്നില്ലെന്നും നാട്ടുകാരുടെ ആരോപണമുണ്ട്.