കോഴിക്കോട് : മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അനേകം ജീവനുകള്‍ അപഹരിച്ചിട്ടും അനധികൃതമായ നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ അധികൃതര്‍ തയാറാവുന്നില്ല. തൊണ്ടയാട്- രാമനാട്ടുകര ബൈപ്പാസ് റോഡില്‍ മെട്രോ ഹോസ്പിറ്റലിനു എതിർവശമുള്ള സ്ഥലത്താണ് ഏതു നിമിഷവും മണ്ണിടിഞ്ഞു വീഴാറായുള്ളത്.
ഒരു മല അപ്പാടെ തുരന്ന് നടക്കുന്ന ഹോട്ടൽ നിർമാണത്തിനിടെ കനത്ത മഴയെ തുടര്‍ന്ന് ഇവിടെ രണ്ടാഴ്ച മുമ്പ് മണ്ണിടിച്ചിലുണ്ടായിരുന്നു. മുകളില്‍ നിന്നും മണ്ണിടിഞ്ഞതു കൂടാതെ കുന്നിന്റെ ഉള്‍വശത്തെ മണ്ണും ഇടിഞ്ഞു വീണിരുന്നു. ജെസിബി ഉപയോഗിച്ച് ദിവസങ്ങളോളം മല തുരന്നിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് പരിസരവാസികൾ ഭീതിയോടെ പറയുന്നു.മലയുടെ മുകള്‍ ഭാഗം ഇനിയും ഇടിഞ്ഞു വീഴാനുള്ള സാധ്യതയേറെയാണ്.
കുന്നിനു മുകളില്‍ ഇപ്പോഴും കൂറ്റന്‍ പാറക്കല്ലുകളും അപകടകരമാം വിധത്തിലാണ് നില്‍ക്കുന്നത്. മണ്ണിടിച്ചിലുണ്ടായാന് നിരവധി ജീവനുകള്‍ ഇവിടെ അപകടത്തിലാവുന്നുള്ള സാധ്യതയും ഏറെയാണ്. കുന്നിനു താഴെയായി ഒരു ഹോട്ടലും മറ്റു കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായാല്‍ ഹോട്ടലുള്‍പ്പെടെ മണ്ണിനടിയിലാവും. കൂടാതെ കുന്നിനു താഴെയായി നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
ഇവിടെ നിരവധി പേരാണ് യാതൊരു സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്നത്. നിരവധി പേരുടെ ജീവന് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടായിട്ടും ഇവിടുത്തെ നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ അധികൃതര്‍ ഇപ്പോഴും തയാറായിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവാന്‍ കാരണം അശാസ്ത്രീയമായുള്ള കെട്ടിടനിര്‍മാണവും മണ്ണെടുപ്പുമാണെന്നാണ്
പ്രദേശത്തുള്ളവര്‍ പറഞ്ഞു. മണ്ണിടിച്ചിലിനു ശേഷവും ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ തുടരുന്നതും പ്രദേശത്തുള്ളവരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലാ കളക്ടറടക്കം അധികൃതർ പ്രളയദുരന്ത ജോലികളിലായതിനാൽ അനധികൃത നിർമാണപ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. ഒളവണ്ണ പഞ്ചായത്തിനു കീഴിലാണ് ഈ പ്രദേശം. വൻകിട മാളിന് അനധികൃതനിർമാണം നടത്താൻ ഒത്താശചെയ്തതിലൂടെ ഭൂമാഫിയകൾക്ക് കീഴ്പ്പെട്ടിരിക്കയാണ് പഞ്ചായത്ത് അധികൃതരെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.