ശ്രീകണ്ഠപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോട്ടൂരിലെ കിഴക്കേവീട്ടിൽ ശാർങ്ങാധരൻ എന്ന പൂഴി ഷാജി (46) യെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഏരുവേശിയിലെ പാപ്പിനിശേരി പടിഞ്ഞാറേ വീട്ടിൽ മനോജിനാണ് വെട്ടേറ്റത്.
ശ്രീകണ്ഠപുരം സമുദ്രബാറിൽ വെച്ച് വാക്കുതർക്കത്തിനിടെ പൂഴി ഷാജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മനോജിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തതോടെ സംഘം ഒളിവിൽ പോവുകയായിരുന്നു.
ഇന്നു പുലർച്ചെ ഷാജി കോട്ടൂരിലെ വീട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതിയായ ചുണ്ടപ്പറമ്പിലെ ചെറിയംമാക്കൽ ബിബിൻ വിജയനെ (26) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ഇപ്പോൾ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്.മറ്റൊരു പ്രതിയായ പയ്യാവൂർ മുത്താറിക്കുളം സ്വദേശി ഷിജോ ഒളിവിലാണ്. എഎസ്ഐ ഇ.വി. അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കുഞ്ഞിനാരായണൻ, നൗഷാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.