ക്രെഡിറ്റ് മുഴുവന്‍ എനിക്കവകാശപ്പെട്ടതല്ല! പ്രളയദിനങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സുത്യര്‍ഹ സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ

പ്രളയകാലത്ത് കേരളത്തിന് താങ്ങും തണലും കരുത്തുമായി കൂടെയുണ്ടായിരുന്നവരില്‍ പ്രധാനികളാണ് കേരളത്തിലെ കളക്ടര്‍മാര്‍. അക്കൂട്ടത്തില്‍ സുത്യര്‍ഹമായ സേവനം കൊണ്ട് മലയാളിയുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.

പ്രളയ സമയത്തും അതിനുശേഷമുള്ള അതിജീവനത്തിന്റെ സമയത്തും ധൈര്യവും കരുത്തുമായി നില്‍ക്കുന്ന കളക്ടറെ പുകഴ്ത്താന്‍ വാക്കുകളില്ലാതെ വിഷമിക്കുകയാണ് മലയാളികള്‍. തങ്ങളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം അവര്‍ അത് കളക്ടറെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ കളക്ടറെന്ന നിലയില്‍ താന്‍ ചെയ്ത പ്രവര്‍ത്തികളുടെ മുഴുവന്‍ ക്രെഡിറ്റും തനിക്കവകാശപ്പെട്ടതല്ലെന്നും തന്നെപ്പോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാളധികം അധ്വാനിച്ച ധാരാളം വ്യക്തികളുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കളക്ടറിപ്പോള്‍.

തൃശൂര്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ തന്റെയൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഒരു വ്യക്തിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കളക്ടര്‍ എത്തിയിരിക്കുന്നത്. ചെറിയ കാര്യം ചെയ്തിട്ട് അത് കൊട്ടിഘോഷിച്ച് നടക്കുന്നവര്‍ കളക്ടറെ മാതൃകയാക്കണമെന്നാണ് ഇതു വായിച്ചശേഷം ആളുകള്‍ പറയുന്നത്.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പേര്: മുരുകന്‍, ട/ഛ വാസു, തലാശ്ശേരി ഹൌസ്, തിരുവള്ളൂര്‍, കൊടുങ്ങല്ലൂര്‍.

ഉദ്യോഗം: ക്ലെര്‍ക്ക്, ഘഅചഒ17 കൊടുങ്ങല്ലൂര്‍ ഓഫീസ്.

ഇത് കൊടുങ്ങല്ലൂര്‍ താലൂക്കിലെ തിരുവള്ളൂര്‍ സ്വദേശിയായ തലാശ്ശേരി വീട്ടില്‍ വാസു മകന്‍ മുരുകന്‍. ഇദ്ദേഹം റവന്യു ജീവനക്കാരനും ആഗസ്റ്റ് 15 മുതല്‍ 19 വരെയുള്ള തീയതികളില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. മേല്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ ആയി അദ്ദേഹവും സുഹൃത്തുക്കളായ നാസര്‍ പുന്നക്കല്‍, അശോകന്‍ തലാശ്ശേരി, ജനാര്‍ദ്ധനന്‍ കൈത വളപ്പില്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം ഫൈബര്‍ ബോട്ട് അടക്കമുള്ളവ ഉപയോഗിച്ച് ചാലക്കുടി, വടക്കുംപുറം, പട്ടണം, കുഞ്ഞിതൈ, പറയാട്, വടക്കേക്കര ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ നിന്നായി 200 ഓളം പേരുടെ രക്ഷകര്‍ ആയി മാറുകയായിരുന്നു.

ക്യാമ്പുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ഇദ്ദേഹം എട്ടു വര്‍ഷത്തിലധികം മത്സ്യ ബന്ധന മേഖലയിലുള്ള തന്റെ പ്രവര്‍ത്തി പരിചയം ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് കൂടുതല്‍ മുതല്‍ കൂട്ടാകുക എന്ന് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാണ് ജീവന്‍ പോലും പണയം വെച്ച് സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ ചെലുത്തിയത്.

ശക്തമായ ഒഴുക്കില്‍ ഫൈബര്‍ ബോട്ടില്‍ സഞ്ചരിക്കുന്നത് പോലും ദുഷ്‌കരമായ സാഹചര്യത്തിലും വടമടക്കം ഉപയോഗിച്ച് ചാലക്കുടിയില്‍ എത്തി പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയ ശേഷമാണ് അദ്ദേഹവും കൂട്ടരും എറണാകുളം ജില്ലയിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ ഇല്ലാതെ വ്യാപൃതന്‍ ആയത്. ബോട്ടുപയോഗിച്ച് പോസ്റ്റുകളും, മതിലുകളും, വെള്ളത്തില്‍ ഒഴുകി നടക്കുന്ന വാഹനങ്ങളും മറി കടന്ന് വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും എത്തിപ്പെടുന്നത് പോലെ തന്നെ ബോട്ടുകളില്‍ കയറാന്‍ കെട്ടിടങ്ങളില്‍ അകപ്പെട്ടവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതും ശ്രമകരം ആയിരുന്നു എന്നും വിജയകരമായി ഉദ്ധ്യമം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഖി ചുഴലി കാറ്റില്‍ സ്വന്തം വീട് പോലും കടല്‍ എടുത്തു പോയ ഈ മനുഷ്യസ്‌നേഹി ഇതിനു മുന്‍പും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ്. നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും സ്‌നേഹാദരങ്ങള്‍ എറ്റു വാങ്ങിയ ശേഷം നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കൊടുങ്ങല്ലൂര്‍ താലൂക്കിലെ കളക്ഷന്‍ & ഡിസ്ട്രിബൂഷന്‍ പോയന്റില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം 1998 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആയി സര്‍ക്കാര്‍ സര്‍വീസ് ആരംഭിച്ച വ്യക്തിയാണ്.

വീട്ടമ്മയായ പത്‌നി രാജി, വിദ്യാര്‍ത്ഥികളായ ഷര്‍മിഷ്ട, ശരണ്യ എന്നിവര്‍ അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Related posts