തൂത്തുക്കുടി: വിമാനത്തിൽ ബിജെപി സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ ഗവേഷക വിദ്യാർഥിനി അറസ്റ്റിൽ. കാനഡയിലെ മോണ്ട്രിയൽ സർവകലാശാലയിലെ വിദ്യാർഥിനിയായ സോഫിയ ലോയിസാണ് അറസ്റ്റിലായത്. തമിഴ്നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അറസ്റ്റിലായ സോഫിയയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വിമാനത്തിലിരുന്ന് സോഫിയ “ബിജെപിയുടെ ഫാസിസ്റ്റ് സർക്കാർ തുലയട്ടെ’ എന്ന് വിളിച്ചുപറഞ്ഞതായി തമിഴിസൈ പറഞ്ഞു. തമിഴിസൈയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു സോഫിയ ഇരുന്നത്. ഇതേതുടർന്ന് ബിജെപി നേതാവ് തൂത്തുക്കുടിയിലെ പുതുക്കോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ തൂത്തുക്കുടി വിമാനത്താവളത്തിൽനിന്നു പോലീസ് സോഫിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സോഫിയ ഭീകരസംഘടനയിലെ അംഗമാണെന്ന് തമിഴിസൈ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. അവർ ഒരു സാധാരണ വ്യക്തിയെ പോലെയായിരുന്നില്ല. ഞാൻ അവരെ ഭയപ്പെടുന്നില്ല. വിമാനത്തിലെ മറ്റു യാത്രക്കാർക്ക് അവർ ശല്യമുണ്ടാക്കി. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഒരു പൊതുസ്ഥലത്തു ജനങ്ങൾക്കു ശബ്ദം ഉണ്ടാക്കാം, പക്ഷേ ഒരു വിമാനത്തിൽ അലറാൻ ആർക്കും അവകാശമില്ല- തമിഴിസൈ മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റിലായി ഒന്പതു മണിക്കൂറിനുശേഷവും പോലീസ് എഫ്ഐആറിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും ഏതൊക്കെ വകുപ്പുകളാണ് സോഫിയയ്ക്കെതിരേ ചുമത്തി എന്ന കാര്യത്തിൽ വ്യക്തതതയില്ലെന്നും സോഫിയയുടെ അഭിഭാഷകൻ അതിശയ കുമാർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.