പത്തനംതിട്ട: 2024 ലെ ഒളിമ്പിക്സ് അതാണ് തന്റെ ലക്ഷ്യമെന്ന് അനന്തു വിജയന് പറയുമ്പോള്‍ ആ ആത്മവിശ്വാസത്തിന് മുന്നില്‍ ആര്‍ത്തലച്ചുവന്ന പ്രളയം പോലും തോറ്റു പിന്മാറും. പ്രളയം സര്‍വതും കശക്കിയെറിഞ്ഞിട്ടും അതിലൊന്നും തളരാതെ അനന്തു തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഓടിത്തുടങ്ങി. പല തവണ കേരളത്തിനു വേണ്ടി ഹര്‍ഡില്‍സിലും 400 മീറ്റര്‍ ഓട്ടത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്വര്‍ണമെഡല്‍ ജേതാവാണ് പുല്ലാട് ഉള്ളൂച്ചിറ കോളനി നിവാസിയായ അനന്തു വിജയന്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് അനന്തു താമസിക്കുന്ന പുല്ലാട് ഉള്ളൂച്ചിറ കോളനി. അപ്രതീക്ഷിതമായി വീട്ടിലേക്ക് അടിച്ചു കയറിയ വെള്ളം കണ്ട് കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുമ്പോഴും അനന്തു കരുതിയില്ല .താന്‍ ജീവനായി കരുതിയ മെഡലുകളെല്ലാം നശിച്ച് പോകുമെന്ന്.
ഒന്നാം ക്ലാസ് മുതല്‍ അനന്തുവിന് കമ്പം സ്പോര്‍ട്സിനോടായിരുന്നു. അന്ന് നേടിയ ട്രോഫി മുതല്‍ ദേശീയ തലത്തിലെ സ്വര്‍ണമെഡല്‍ വരെ അനന്തുവിന് ഒരു പോലെ പ്രിയപ്പെട്ടതാണ്. അതെല്ലാം ഒരു നിധി പോലെയാണ് കാത്തുവച്ചതും. പക്ഷെ, പ്രളയത്തില്‍ വീട് പൂര്‍ണമായും മുങ്ങി. കുന്നന്താനം എംടിഎല്‍പി സ്കൂളിലെ ക്യാമ്പില്‍ നിന്ന് 11 ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് നേട്ടങ്ങളെല്ലാം പ്രളയം കവര്‍ന്നത് അനന്തു അറിഞ്ഞത്.
എന്നാല്‍ ജീവിതത്തിന്റെ ട്രാക്കില്‍ തളര്‍ന്ന് പിന്മാറാന് ഈ 18കാരന് തയാറല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും താങ്ങാകണമെന്ന ലക്ഷ്യം അനന്തുവിനെ തളരാതെ നിര്‍ത്തി.പ്രളയത്തില്‍ മലിനമായ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ പരിക്ക് പറ്റിയ കാലുമായി തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ക്ലബ് മീറ്റില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ അവന് ഓടിക്കയറിയത് രണ്ടാം സ്ഥാനത്ത്. ദുരിതങ്ങള്‍ക്കിടയിലും മകന്റെ ഈ നേട്ടത്തെക്കുറിച്ച് പറയുമ്പോള്‍ അമ്മയ്ക്ക് നൂറ് നാവ്.
പല തവണ ട്രാക്കിലൂടെ ഓടുമ്പോഴും അനന്തു കണ്ട ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു സ്പൈക്ക്സ്. പക്ഷെ, അത് വാങ്ങാനുള്ള ചെലവ് അനന്തുവിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് ആറന്മുള എംഎല്‍എ വീണാജോർജ് അനന്തുവിനൊരു ഷൂ വാങ്ങി നല്‍കിയത്.
“അന്ന് മുതല്‍ എന്റെ കുഞ്ഞ് കാത്ത് വച്ച ആ ഷൂ പോലും വെള്ളം കൊണ്ടു പോയി ” എന്ന് പറഞ്ഞപ്പോള്‍ അമ്മ ജയശ്രീയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അച്ഛന് വിജയന് ആറു വര്‍ഷം മുന്‍പ് രക്തസമ്മര്‍ദ്ദം കൂടി കാഴ്ച നഷ്ടപ്പെട്ട് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ജയശ്രീ തുണിക്കടയില്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം.
കണ്ണീര് ട്രാക്കില്‍ അനന്തു ഓടിയും ചാടിയും നേടിയ നേട്ടങ്ങള്‍ക്കൊക്കെ പത്തരമാറ്റിന്റെ തിളക്കമാണ്.
ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനന്തു അവിടത്തെ അധ്യാപകൻഅനീഷ് തോമസ് എന്ന പരിശീലകന്റെ വീട്ടില്‍ താമസിച്ചാണ് പരിശീലനം നടത്തുന്നത്. അനന്തുവിന്റെ കാലുകള്‍ക്ക് ശക്തി പകരുന്നത് കൂട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയും അച്ഛന്റെയും അമ്മയുടെയും പ്രാർഥനയുമാണ്.