ചങ്ങനാശേരി: എക്കാലത്തും യാത്രാതടസം സൃഷ്ടിക്കുകയും പ്രളയബാധിതരെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തിക്കാൻപോലും ഏറെ പ്രതിസന്ധിയാകുകയും ചെയ്ത കിടങ്ങറ കെസി ജെട്ടിയിലെ പാലം പൊളിച്ച് ഉയർത്തിനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രണ്ടായിരത്തിൽ ഈ പാലം നിർമിച്ചതുമുതൽ ചങ്ങനാശേരിയിലേക്കുള്ള ബോട്ടുകളുടെ സുഗമമായ ഗതാഗതത്തിനു തടസം നേരിടുകയായിരുന്നു. ചുക്കായക്കൂട് ഇറക്കിവച്ചായിരുന്നു ഒരുകാലത്ത് ഈ പാലത്തിനടിയിലൂടെ ബോട്ടുകൾ സഞ്ചരിച്ചിരുന്നത്. ഇപ്പോൾ പൊക്കംകുറഞ്ഞ ബോട്ടുകൾ തരപ്പെടുത്തിയാണ് സർവീസുകൾ നടത്തുന്നത്.
പ്രളയദുരിതംമൂലം കുട്ടനാട്ടിൽ നിന്നു ബോട്ടുമാർഗവും വള്ളങ്ങളിലും പലായനം ചെയ്ത ആയിരക്കണക്കുനാളുകൾക്ക് ഈ പാലം വലിയ ദുരിതമാണ് സൃഷ്ടിച്ചത്. കുട്ടനാട്ടിലെ പ്രളയത്തിൽ നിന്നു ബോട്ടുകളിൽ രക്ഷപ്പെടുത്തിക്കൊണ്ടുവന്നവരെ ഈ പാലത്തിനു സമീപം യാത്ര അവസാനിപ്പിച്ച് ഇറക്കേണ്ടി വന്നതുമൂലം ആയിരക്കണക്കിനാളുകൾ പെരുമഴ നനഞ്ഞ് പാലത്തിലും സമീപങ്ങളിലുമായി അടുത്ത ബോട്ടിനായി മണിക്കൂറുകൾ കാത്തുനില്‍ക്കേണ്ടി വന്നത് ദുരിതത്തോടൊപ്പം ഏറെ പ്രതിഷേധത്തിനും കാരണമാക്കിയിട്ടുണ്ട്.
പിഞ്ചുകുട്ടികളും സ്ത്രീകളും കിടക്കകളിലും കസേരകളിലുമായി കൊണ്ടുവന്ന രോഗികളും വയോധികരും ഉൾപ്പെടെ ആയിരങ്ങളാണ് ഈ പാലത്തിൽ കുടുങ്ങിയത്.കെസിജെട്ടിയിലെ പാലം പൊളിച്ച് ഉയർത്തി നിർമിച്ച് ജലപാതയിലെ ഗതാഗത തടസം ഒഴിവാക്കണമെന്ന് നിയമസഭയിൽ ഇന്നലെ സി.എഫ്.തോമസ് എംഎൽഎ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇതുസംബന്ധിച്ച ഫയലുകളുടെ നടപടി വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.