പത്തനംതിട്ട: മഹാപ്രളയത്തിന്റെ ദുരന്തമുഖത്തു നിന്ന് മോചനമില്ലാതെ റാന്നിയും ആറന്മുളയും. പ്രളയത്തിന്റെ രൂക്ഷത അനുഭവിച്ച പന്പാ തീരത്തെ നിരവധി പ്രദേശങ്ങളിലെ ജീവിതം സാധാരണ നിലയിലേക്കെത്തിയിട്ടില്ല. പ്രളയം വിഴുങ്ങിയ അനുഭവമാണ് റാന്നി, അയിരൂർ, ചെറുകോൽപ്പുഴ, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂർ, പാണ്ടനാട് പ്രദേശങ്ങൾക്കു പറയാനുള്ളത്.
പന്പാജലം സർവനാശം വിതച്ച റാന്നിയിലാണ് വെള്ളം ആദ്യം കയറിയതും ഇറങ്ങിയതും. കഴിഞ്ഞ ഓഗസ്റ്റ് 14നു രാത്രിയിലാണ് റാന്നി മുങ്ങിയത്. ടൗണിലെ ഒന്നൊഴിയാതെ വ്യാപാര സ്ഥാപനങ്ങളും പരിസരത്തെ വീടുകളും വെള്ളത്തിനടിയിലായി. നാലു ദിവസത്തോളം കയറിക്കിടന്ന വെള്ളം 18നും 19നുമാണ് ഇറങ്ങിത്തുടങ്ങിയത്. അന്നു തുടങ്ങിയ ശുചീകരണ ജോലികൾ ഇന്നും പലയിടങ്ങളിലും തുടരുകയാണ്.
റാന്നി ടൗണ് മേഖലയിൽ ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ ്പ്രവർത്തിച്ചുതുടങ്ങിയത്. സർവതും നഷ്ടമായ വ്യാപാരികളുടെ തുടക്കം ശൂന്യതയിൽ നിന്നാണ്. ചെറുതായി സാധനങ്ങൾ ഇറക്കി പലരും കരകയറാനുള്ള ശ്രമത്തിലാണ്.ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
റേഷൻ കടകൾ, സപ്ലൈകോ മാവേലി, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ നഷ്ടപ്പെട്ട സാധനങ്ങൾ നീക്കം ചെയ്തു ശുചീകരണം പൂർത്തിയായിട്ടില്ല. വ്യാപാരികളുടെ കണക്കിൽ 600 കോടി രൂപയുടെ നഷ്ടമാണ് അവർക്കു മാത്രമായുണ്ടായത്. ബാങ്ക് വായ്പകളിലൂടെയും മറ്റും സ്ഥാപനം നടത്തിവന്നവരാണ് ഏറെ സമ്മർദത്തിലായത്. ചെറുകിട വ്യാപാരികളിൽ ഏറെപ്പേർക്കും ഇൻഷ്വറൻസ് പരിരക്ഷയും ഇല്ല.
അപ്രതീക്ഷിതമായ പ്രളയജലത്തിൽ നിന്നു സാധനങ്ങൾ സംരക്ഷിക്കാൻ സ്ഥാപനങ്ങൾ തുറക്കേണ്ടിവന്ന വ്യാപാരികളെ കബളിപ്പിച്ച് മോഷ്ടാക്കളുമേറെയുണ്ടായിരുന്നു. പല വ്യാപാര സ്ഥാപനങ്ങളിലും വൻ തോതിലാണ് സാധനങ്ങൾ നഷ്ടപ്പെട്ടത്.റാന്നിയിലെ ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിക്കുന്നില്ല. കൊമേഴ്സ്യൽ ബാങ്കുകളുടെ കംപ്യൂട്ടർ രേഖകൾ അടക്കം വെള്ളം കയറി നശിച്ചു. നെറ്റ് ബാങ്കിംഗ് ഇടപാടിലൂടെ റാന്നിക്കു പുറത്തുള്ള ശാഖ കൾ മുഖേന റാന്നിയിലെ ഇടപാടുകൾ നടത്താനാകുന്നുണ്ട്.
സഹകരണബാങ്കുകളുടെ സ്ഥിതിയാണ് ദയനീയം. ഇവയുടെ രേഖകൾ പൂർണമായി നശിച്ചു. പണമിടപാടുകൾ സ്തംഭനാവസ്ഥയിലാണ്. ബാങ്കുകളുടെ ക്ലീനിംഗ് ജോലികളും മറ്റും ഇനി തീർന്നിട്ടില്ല. ടൗണ് പ്രദേശത്തെ പെട്രോൾ പന്പുകളും അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനവും പൂർണതോതിലായിട്ടില്ല. വെള്ളം കയറിയ ബസുകൾ തകരാറുകൾ പരിഹരിച്ച് തിരികെ ലഭിച്ചിട്ടില്ല.
പ്രളയനാശത്തിനിടയിൽ സാധാരണ ജീവിതത്തിലേക്ക് ആളുകൾക്ക് തിരികെ വരാനായിട്ടില്ല. കുടിവെള്ളത്തിനുപോലും ക്ഷാമം. പന്പാ തീരത്തു മലിനജലം കയറിയ കിണറുകൾ ശുചീകരിച്ചതിനു പിന്നാലെ പലയിടത്തും വെള്ളം കുറഞ്ഞു. പന്പാനദിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതിനൊപ്പം കിണറുകളും വറ്റി.
വെള്ളം കയറിയ പന്പ് ഹൗസുകളിൽ നിന്നും പന്പിംഗ് നടക്കുന്നില്ല. വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളം കയറിയ വീടുകളിലും കെട്ടിടങ്ങളിലും വയറിംഗ് ജോലികൾതന്നെ മാറ്റേണ്ടതുണ്ട്. വെള്ളത്തിനൊപ്പം ചെളി കയറിയ വയറിംഗ് നശിച്ചിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു നൽകിയിട്ടില്ല.
റാന്നിയുടെ ഇതേ അവസ്ഥയിലാണ് അയിരൂർ – ചെറുകോൽപ്പുഴ പ്രദേശങ്ങൾ. അയിരൂരിലെ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തനക്ഷമമായിട്ടില്ല. ശുചീകരണ ജോലികൾ നടന്നുവരികയാണ്. കുടിവെള്ള പ്രതിസന്ധി ചെറുകോൽപ്പുഴ മേഖലയിലുമുണ്ട്.
ആറന്മുള മുതൽ ചെങ്ങന്നൂർ, പാണ്ടനാട് വരെയുള്ള പ്രദേശങ്ങളുടെ സ്ഥിതിയും സമാനമാണ്. ആറന്മുളയിൽ ഒരു വ്യാപാരസ്ഥാപനം പോലും പൂർണമായി പ്രവർത്തനക്ഷമമായിട്ടില്ല. റോഡിൽ നിരന്നുകിടക്കുന്ന ചെളിയും ഇതിലൂടെ രൂപപ്പെട്ട പൊടിയും മറ്റൊരു പ്രശ്നമാണ്. പൊടിശല്യം ശുചീകരണ ജോലികളെയും യാത്രക്കാരെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.