തിരുവനന്തപുരം: പ്രളയ ദുരിത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏറ്റവും അധികം റേഷൻ കടകൾ നശിച്ചുപോയ കുട്ടനാട് താലൂക്കിൽ റേഷൻ വിതരണം സുഗമമായി നടത്താനായി ഒഴുകി സഞ്ചരിക്കുന്ന റേഷൻ കട ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി .പി. തിലോത്തമൻ നിർവഹിച്ചു.
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് പകരം റേഷൻ കാർഡ് നൽകാനും റേഷൻ കടയിൽ വെള്ളം കയറി അരി നഷ്ടപ്പെട്ടവർക്ക് പകരം അരി നൽകാനും നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 50 റേഷൻ കടകൾ ആണ് പ്രളയം ബാധിച്ച് സാധനങ്ങൾ നശിച്ചുപോയത്. .62 കോടിയോളം രൂപയുടെ സാധനങ്ങൾ നശിച്ചു പോയെന്നാണ് പ്രാഥമികമായി വിലയിരുത്തൽ- അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളുടെ സേവനം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്ത് ക്വാന്പുകൾ തുടങ്ങി ഉടനടി കാർഡുകൾ നൽകുന്നതിനുള്ള നടപടിയും ആരംഭിച്ചതായും മന്ത്രി അറിയിച്ചു.