മലപ്പുറം: മലപ്പുറത്തിനടുത്തു കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ കഴുത്തറുത്തുകൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് സാന്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിതഗർഭത്തെ തുടർന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരൻ ചെലൂർ വിളഞ്ഞിപ്പുലാൻ ശിഹാബു(26)മായി മലപ്പുറം പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. താനാണ് കൃത്യം നടത്തിയതെന്നു ശിഹാബ് മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
ഇതിനിടെ രക്തസ്രാവത്തെത്തുടർന്നു മലപ്പുറം ഗവണ്മെന്റ് താലൂക്ക്് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ മാതാവ് ചെലൂർ തോട്ടശേരി വിളഞ്ഞിപ്പുലാൻ നബീല (29)യെ ചോദ്യം ചെയ്യാൻ പോലീസിനു സാധിച്ചിട്ടില്ല. മിക്കവാറും ഇവർ ഇന്നു ആശുപത്രി വിടുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ നബീലയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്താനാണ് പോലീസ് നീക്കം.
അതേസമയം സംഭവത്തിൽ കൂട്ടു പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിക്കും. രണ്ടു വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം. ഗർഭണിയായതോടെ പുറംലോകമറിയാതെ കഴിയുകയായിരുന്നു.
ബെൽറ്റിട്ടും മറ്റു വസ്ത്രങ്ങൾ കൊണ്ടുകെട്ടിയും മറച്ചുവച്ചു. ഞായറാഴ്ച ഉച്ചക്കാണ് നബീല വീട്ടിലെ ടോയ്ലറ്റിൽ ആണ്കുഞ്ഞിനു ജൻമം നൽകിയത്. കുഞ്ഞ് കരഞ്ഞതോടെ കുട്ടിയുടെ വായിൽ തുണിതിരുകിക്കയറ്റിയും മൂക്കു പൊത്തിപിടിച്ചും ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാൻ സഹോദരനു കൈമാറുകയായിരുന്നു. തുടർന്നു മരണം ഉറപ്പാക്കാൻ ശിഹാബുദീൻ കുഞ്ഞിനെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി.
നാലു മണിയോടെ വീട്ടിനുള്ളിൽ വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിഹാബുദീൻ കത്തിയുപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചു കുഞ്ഞിന്റെ തലയും ശരീരവും രണ്ടായി മുറിച്ചുമാറ്റി. തല കട്ടിലിലെ തലയണയുടെ കവറിനുളിലാക്കി. ശരീരഭാഗം വരിഞ്ഞുകെട്ടി.
രണ്ടും ചേർത്തു ചാക്കിലാക്കി കട്ടിലിനടിയിൽ സൂക്ഷിച്ചു. രാത്രിയോടെ കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. തുടർന്നു ദേഹം വൃത്തിയാക്കി ശിഹാബ് മുങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ സംഭവം പുറത്തറിഞ്ഞതോടെ ഇവരുടെ നീക്കങ്ങൾ പാളി. കുഞ്ഞിന്റെ കരച്ചിൽ കേട്ടു സമീപവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിലേക്കു പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ ചാക്കിൽ കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് ഇവരുടെ വീടിന്റെ ടെറസിനു മുകളിൽ നിന്നു കണ്ടെത്തി. തുടർന്ന് ശിഹാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശിഹാബിനെ കൂട്ടി ഇന്നലെ മലപ്പുറം പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ രീതി പ്രതി പോലീസിനോട് വിവരിച്ചു. പ്രതിയെ ഇന്നലെ വൈകീട്ട് കോടതിയിൽ ഹാജരാക്കി. മലപ്പുറം സിഐ എ. പ്രേംജിത്ത്, എഎസ്ഐമാരായ മുഹമ്മദ് റഫീഖ്, അബ്ദുൾ റഷീദ്, സിപിഒമാരായ മുഹമ്മദ് ഷാക്കീർ, ജിനേഷ്, സന്തോഷ്, ഷൈജൽ എന്നിവർ ചേർന്നാണ് കേസന്വേഷിക്കുന്നത്.