പ്രളയം പലരെയും പലവിധത്തിലാണ് ദ്രോഹിച്ചതും വേട്ടയാടിയതും. പലര്‍ക്കും ജീവിതാവസാനം വരെ ഓര്‍ത്തിരിക്കാനുള്ള വകയാണ് ആ നാളുകള്‍ സമ്മാനിച്ചത്. എന്നാല്‍ കേരളത്തിലുണ്ടായ ഈ പ്രളയത്തിന്റെ, അല്ലെങ്കില്‍ മലയാളികള്‍ അഭിമുഖീകരിച്ച ഈ പ്രളയത്തിന്റെ പ്രത്യേകത എന്തെന്നാല്‍ പ്രളയത്തിനുശേഷം ആരുടെയും ജീവിതം വഴിമുട്ടിപ്പോയില്ല. എന്നതാണ്. അതിന് മറ്റുള്ളവര്‍ അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. ആവശ്യക്കാരന്റെ മുമ്പില്‍ ദൈവത്തിന്റെ കൈ പോലെ മറ്റുള്ളവര്‍ കൈത്താങ്ങായി.
മനുഷ്യന്‍ എന്നാല്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് അനേകമാളുകള്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു കടന്നു പോയത്. പലര്‍ക്കും അത്തരം അനുഭവങ്ങള്‍ പറയാനുമുണ്ടാവും. ഇത്തരത്തില്‍ താന്‍ കണ്ടറിഞ്ഞ മനുഷ്യസ്‌നേഹത്തെക്കുറിച്ച് ഒരധ്യാപിക വിവരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അവര്‍ പറയുന്നതിങ്ങനെ…
പ്രളയം എറണാകുളം ചേരാനെല്ലൂരിലെ എന്റെ വീടിന്റെ ഉമ്മറപ്പടിവരെ വന്ന് ക്രോക്രികാട്ടി പേടിപ്പിച്ച് മടങ്ങി…വെള്ളം കീഴടക്കി കൊടിനാട്ടിയ വീടുകളില്‍ നിന്നുള്ള ബന്ധുക്കളടക്കം ഞങ്ങള്‍ പതിനെട്ട് പേരുണ്ടായിരുന്നു. ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളത്തിന്റെ ഉയര്‍ച്ച ടോര്‍ച്ച് മിന്നിച്ച് നോക്കി ഉറങ്ങാതിരുന്ന രാത്രികള്‍…കറന്റില്ല,കുടിവെള്ളം കഷ്ടി..ശുചീകരണാവശ്യങ്ങള്‍ക്ക് മഴവെള്ളം ശരണം…മൊബൈല്‍ ചത്തു,ടി.വി.യടക്കം ഒന്നുമില്ലാത്തതിനാല്‍ വാര്‍ത്തകള്‍ പോലും അറിയാനാകുന്നില്ല.അടുത്തുള്ളവരെല്ലാം ഒഴിഞ്ഞുപോയിരുന്നു,ഞങ്ങളും അയല്‍പക്കത്തെ റോയിച്ചേട്ടന്റെ കുടുംബവും മാത്രം..ഞങ്ങള്‍ക്ക് കൂട്ട് അവരും അവര്‍ക്ക് കൂട്ട് ഞങ്ങളും..
പ്രധാനറോഡിലേക്ക് കയറാനുള്ള വഴിയില്‍ അരവരെ നനഞ്ഞാണ് ആറടിക്കാരന്‍ കെട്ടിയോന്‍ അത്യാവശ്യത്തിന് പുറത്തേക്ക് പോകുന്നത്..ഞങ്ങള്‍ കുള്ളേഴ്സിന് മുങ്ങിച്ചാകാന്‍ അതുതന്നെ ധാരാളം….അയല്‍പക്കത്തെ മറ്റുവീട്ടുകാരൊക്കെ ക്യാമ്പില്‍ നിന്നും വിളിച്ച് സ്നേഹത്തിന്റെ ഭാഷയില്‍ ശാസിച്ചു,എത്രയും പെട്ടെന്ന് മാറണം…ഭാഗ്യപരീക്ഷണത്തിനുള്ള സമയമല്ല.
” നമ്മുടെ ഒരായുസ്സിന്റെ അധ്വാനമാണ്..ഉപേക്ഷിച്ച് പോകാന്‍ പറ്റുന്നില്ലെടീ…” എന്നാണ് കെട്ടിയോന്‍ പറഞ്ഞത്..എനിക്കും അത് ചിന്തിക്കാനായില്ല.പിന്നിലെ വീട്ടില്‍ നിന്നും മുകള്‍തട്ടിലുള്ള പറമ്പിലേക്ക് ചാരിവെച്ചിരിക്കുന്ന ഏണിമാത്രമാണ് ധൈര്യം.വെള്ളം വീട്ടിനുള്ളിലെത്തുന്ന നിമിഷം ആ ഏണി വഴി മുകളിലെത്തി മെയിന്‍ റോഡിലെത്താം.വെള്ളം കയറും മുമ്പേ കാറെടുത്ത് റോഡിലേക്കിടാന്‍ ബുദ്ധിതോന്നിയത് ഭാഗ്യം…
നാലാംനാള്‍ വെള്ളം വന്നതിലും വേഗം തിരിച്ചിറങ്ങി.എങ്കിലും മനസ്സില്‍ വല്ലാത്ത ഓളംവെട്ടായിരുന്നു.മൂന്നുകിലോമീറ്ററകലെ കോതാട് ദ്വീപില്‍ ഞാന്‍ വളര്‍ന്ന വീടും ബന്ധുവീടുകളുമടക്കം എല്ലാം മുങ്ങിപ്പോയി.എന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം എന്റെ വീട്ടിലേക്ക് പോന്നു…ദ്വീപിലെ 1200 ഓളം വരുന്ന വീട്ടുകാരില്‍ എല്ലാവരും തന്നെ ഒഴിഞ്ഞുപോയി.. പെരിയാര്‍ ഗതിമാറി ദ്വീപിലൂടെ ഒഴുകുകയായിരുന്നു…എല്ലായിടത്തും ചെളിതള്ളിക്കൊണ്ട്…സര്‍വ്വതും നശിപ്പിച്ചുകൊണ്ട്….
ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറന്നു,ഞാന്‍ പഠിപ്പിക്കുന്ന കോതാട് ജീസസ് സ്‌കൂളിലെ പ്ലസ് വണ്‍ ക്ലാസ്സിലെത്തിയപ്പോള്‍ ആകെ മൂകം…താഴത്തെ നിലയില്‍ വെള്ളം വൃത്തികേടാക്കിയ മുറികള്‍ ശുചിയാക്കിയിരുന്നു..പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ മുഖങ്ങളില്‍ ഞാന്‍ കണ്ടത് വലിയ ശൂന്യത….പ്രളയാനുഭങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല…….ഉരുളക്ക് ഉപ്പേരിപോലെ എന്റെ കമന്റുകള്‍ക്ക് മറുപടി തന്നിരുന്ന വീരന്‍മാര്‍ എന്തോ കുറ്റം ചെയ്തവരെപ്പോലെ മുഖം തരാതിരിക്കുന്നു…..എനിക്ക് മനസ്സിലായി,എന്റെ കണ്ണിലേക്ക് നോക്കുമ്പോള്‍ അവര്‍ വിതുമ്പിപ്പോകുമെന്ന്….വേദനയും വിതുമ്പലും കടിച്ചൊതുക്കി അവരിരിക്കുകയാണ്.. ക്ലാസ്സില്‍ കരയുന്നതിന്റെ നാണക്കേടൊഴിവാക്കാന്‍ കൗമാരക്കാരായ അവര്‍ നിര്‍വ്വികാരതയുടെ ഒരുമതില്‍ പണിയുകയാണ്…അവരുടെ മൗനവും പലവട്ടം തേച്ചുകഴുകിയിട്ടും മാറാത്ത ചെളിമണവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരന്തരീക്ഷം.
എന്റെ മനസ്സും നൊന്തു…ഞാനപ്പോള്‍ ഒരമ്മയായി…. ഒന്നും പറയാതെ സ്റ്റാഫ് റൂമിലേക്ക് മടങ്ങുമ്പോള്‍ കരയാതിരിക്കാന്‍ ഞാനും ബദ്ധപ്പെട്ടു…പിന്നെ ഓരോരുത്തരെയായി വിളിച്ച് ഞാന്‍ വിവരങ്ങള്‍ ചോദിച്ചു…വീര്‍പ്പുമുട്ടിനിന്നവര്‍ എനിക്ക് മുന്നില്‍ കരഞ്ഞുതോര്‍ന്നു…
ക്ലാസ്സിലുണ്ടായ 48 കുട്ടികളില്‍ 40 പേരും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു…ഭൂരിഭാഗവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍…അവരുടെ എല്ലാം നഷ്ടപ്പെട്ടു.കട്ടില്‍,ബെഡ്,പായ,തലയിണ,വസ്ത്രങ്ങള്‍,പുസ്തകങ്ങള്‍…..ഓരോരുത്തരും സങ്കട പ്രളയത്തിലാണ്..മാറിയുടുക്കാന്‍ പോലും വസ്ത്രങ്ങളില്ല…..ഒരു പെണ്‍കുട്ടി പറഞ്ഞു,ഉടുപ്പൊക്കെ കഴുകിയെടുത്തു ടീച്ചറേ….നന്നായി ഉണക്കിയപ്പോള്‍ ചെളിമണം കുറഞ്ഞു..പക്ഷേ..അടിവസ്ത്രമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല……
സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മാത്രം നൂറോളം കുട്ടികള്‍ പ്രളയക്കെടുതിയില്‍ പെട്ടിട്ടുണ്ട്.എല്ലാവര്‍ക്കും വെച്ചുകഴിക്കാന് അരിയും പലവ്യഞ്ജനങ്ങളും കിറ്റുകളില്‍ കിട്ടിയിട്ടുണ്ട്,പലര്‍ക്കും വെക്കാന്‍ പാത്രമില്ല….എന്തുചെയ്യണം…എന്റെ മനസ്സ് പിടിവിട്ട് പോകുന്നതുപോലെ….വല്ലാത്തൊരു ഡിപ്രഷന്‍…
വീട്ടിലെത്തിയത് മനസ്സ് തകര്‍ന്ന നിലയിലാണ്.വെറുതെ കയറികിടന്നു….എന്റെ സങ്കടം മനസ്സിലാക്കിയാവണം ജോലി സ്ഥലത്തുനിന്നും നിരന്തരം കെട്ടിയോന്‍ വിളിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…രാത്രി വീട്ടിലെത്തിയ ജിജോ ധൈര്യം പകര്‍ന്നു,ടീച്ചര്‍മാര്‍ ഇങ്ങനെയാണെങ്കില്‍ പാവം കുട്ടികളെ പറയണോ…നിങ്ങളല്ലേ അവരെ താങ്ങേണ്ടത്..
എല്ലാ പ്രശ്നത്തിനും ഒരു പ്രതിവിധി ബി പോസിറ്റീവായ ജിജോയ്ക്കുണ്ടാകും…’താന്‍ വിഷമിക്കാതെ ,നമുക്കാവുന്നത് ചെയ്യാം..പിന്നെ വേണമെങ്കില്‍ പ്രിന്‍സിപ്പളിനോട് ചോദിച്ചിട്ട് സഹായം തേടി ഒരു ഫേസ് ബുക്ക് പോസ്റ്റിടാം,സഹായിക്കാന് മനസ്സുള്ളവര്‍ ധാരാളമുണ്ട്…..’
എനിക്ക് ഫേസ് ബുക്ക് അക്കൗണ്ടില്ലാത്തതിനാല്‍ പിറ്റേന്ന് തന്നെ സ്‌കൂളിനുവേണ്ടി ജിജോ ഒരു പോസ്റ്റിട്ടു….സ്‌കൂളില്‍ ഞാന്‍ നേതൃത്വം നല്‍കുന്ന സൗഹൃദ ക്ലബ്ബിന്റെ പേരിലാണ് സഹായം തേടിയത്..എന്റെ മൊബൈല്‍ നമ്പരും നല്‍കി….
നിനക്കിനി ടോയ്ലറ്റില്‍ പോലും ഫോണുമായി പോകേണ്ടി വരും എന്ന് ജിജോ തന്ന മുന്നറിയിപ്പ് തമാശയായിട്ടണെടുത്തത്…പക്ഷേ വൈകാതെ ഫോണ്‍ വിളിയുടെ പെരുമഴ തുടങ്ങി..മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന വാക്യത്തിന്റെ പൊരുള്‍ ഞാനറിഞ്ഞു,ഒപ്പം ഞങ്ങള്‍ ടീച്ചര്‍മാര്‍ പലപ്പോഴും കുറ്റം പറയുന്ന സോഷ്യല്‍ മീഡിയയുടെ ശക്തിയും.
സഹായങ്ങളുടെ പ്രളയമായിരുന്നു.പോസ്റ്റ് പലരും ഷെയര്‍ ചെയ്തു,ചിലര്‍ വാട്സാപ്പിലിട്ടു…എനിക്ക് ഫോണ്‍ താഴെവെക്കാനാവാത്ത സ്ഥിതി…പലരുടെയും സഹായിക്കാനുള്ള ആവേശവും ആത്മാര്‍ത്ഥയും തിരിച്ചറിഞ്ഞ് എന്റെ കണ്ണുനിറഞ്ഞു. ഗതികേടുകൊണ്ട് പഴയ വസ്ത്രങ്ങള്‍പോലും ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ കൊറിയറായെത്തി.
ബുക്കുകള്‍,പേനകള്‍,ഷീറ്റുകള്‍,പായകള്‍,ഭക്ഷണവസ്തുക്കള്‍,കാല്‍ക്കുലേറ്ററുകള്‍,ബെഡ്ഡുകള്‍ തുടങ്ങി ഉള്‍വസ്ത്രങ്ങളും നാപ്കിന്‍സും വരെ തരാന്‍ ധാരാളം പേര്‍….ഒടുക്കം വിളിച്ചവരോട് സഹായം ധാരാളമായി,മതി എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് സങ്കടം.അങ്ങിനെ പറയരുത് ടീച്ചര്‍….എന്തെങ്കിലും സ്വീകരിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.
നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്കായി 450 സ്‌ക്വയര്‍ഫീറ്റിന്റെ വീട് പണിയുന്നുണ്ടായിരുന്നു.വാര്‍ക്കല്‍ കഴിഞ്ഞ വീടിന്റെ തുടര്‍ നിര്‍മാണം വഴിമുട്ടിയ നിലയിലാണ്..ഞാനിത് പറഞ്ഞപ്പോള്‍ സിമന്റും ടൈലും വരെ വാങ്ങിത്തരാമെന്ന് ആളുകളേറ്റു……അങ്ങിനെ ഒരു പൂചോദിച്ചപ്പോള്‍ പൂക്കാലം കിട്ടി എന്ന അവസ്ഥയിലായി ഞങ്ങള്‍.
ആഗസ്റ്റ് 30ന് കാലത്ത് തന്നെ സഹായം തേടിയുള്ള പോസ്റ്റ് ജിജോ പിന്‍വലിച്ചിരുന്നു…നമുക്ക് വേണ്ടതിലധികം തരാന്‍ ആളായി..സഹായിക്കുന്നവര്‍ ഇനി ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കട്ടെ…
പക്ഷേ വാട്സപ്പിലും മറ്റും കറങ്ങിനടക്കുന്നതുകൊണ്ട് ഇപ്പോഴും എന്റെ ഫോണിന് വിശ്രമമില്ല…സഹായം ആവശ്യമുള്ള മറ്റുചില സ്‌കൂളുകളിലെ നമ്പരുകള്‍ വിളിക്കുന്നവര്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്…
എന്റെ കുഞ്ഞുങ്ങളുടെ മുഖത്ത് ചിരിവിരിഞ്ഞില്ലെങ്കിലും അവരുടെ ആകുല ഭാവം മാറി.ആദ്യം മടിച്ച് നിന്നവര്‍ പിന്നീട് ആവേശത്തോടെ സഹായങ്ങള്‍ സ്വീകരിച്ചു..ആവശ്യമുള്ളത് ചോദിച്ച് വാങ്ങി.പലരം ഷര്‍ട്ടും ബര്‍മുഡയുമൊക്കെ പൊക്കിപ്പിടിച്ച് എന്റെ അടുത്ത് വരും,ഇതെനിക്ക് ചേരുമോ ടീച്ചര്‍ ..എന്ന ചോദ്യവുമായി.ചില ആണ്‍കുട്ടികള്‍ എന്നെ വിസ്മയിപ്പിച്ചു. കൂട്ടിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ അവര്‍ ആദ്യം തിരഞ്ഞത് അമ്മമാര്‍ക്കുള്ള തുണികളാണ്,പലരും എന്റെ സഹായം തേടി…ടീച്ചറിനേക്കാള്‍ അല്പം പൊക്കം കൂടുതലുണ്ട് അമ്മക്ക്,രണ്ട് നൈറ്റി സെലക്റ്റ് ചെയ്തു തരണം എന്നാണ് ഒരാള്‍ ആവശ്യപ്പെട്ടത്.
പ്രളയം തുറന്നുവിട്ടത് വറ്റാത്ത നന്മയുടെ ഉറവകള്‍ കൂടിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു…ഇപ്പോള്‍ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എന്റെ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട്….അപരിചിത നമ്പരുകള്‍ തെളിയുന്നുണ്ട്..എനിക്കറിയാം മനുഷ്യരാണ്…സ്നേഹനിധികളായ മനുഷ്യര്‍….കരുതലുള്ള മനുഷ്യര്‍….നന്മയുള്ളവര്‍ ധാരാളമുണ്ട്…അത് കാണാന്‍ നമുക്ക് അവസരമില്ലെന്നേയുള്ളൂ……എല്ലാവര്‍ക്കും എന്റെ നന്ദി…..കോതാടെന്ന ഗ്രാമത്തിന്റെ സ്നേഹം…എഴുതിവരുമ്പോള്‍ കണ്ണുനിറയുന്നു…..