കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ സൂപ്പര്‍താരം മോഹന്‍ലാലിനെ മത്സരിപ്പിക്കാമെന്ന ആര്‍എസ്എസിന്റെ ശ്രമം നടന്നേക്കില്ല. മോഹന്‍ലാല്‍ ഇത്തരത്തിലൊരു വാര്‍ത്ത വരുന്നതില്പ്പോലും അസംതൃപ്തനാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
തന്നെ സംഘപരിവാര്‍ പാളയത്തില്‍ കെട്ടാനുള്ള ശ്രമം ദുഷ്ടലാക്കോടെയുള്ളതാണെന്ന് മോഹന്‍ലാല്‍ കരുതുന്നു. എന്നാല്‍, ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ഇതുവെ തയാറാകാത്തത് എന്തന്നു വ്യക്തമല്ല.
മോഹന്‍ലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ സ്ഥാപിച്ച സന്നദ്ധസംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന് ആരംഭിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു ഊഹാപോഹം ശക്തമായത്. അതേസമയം, സംഘപരിവാര്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍, മോഹന്‍ലാലിനോട് ഈ വിവരം ഇതുവരെ ആര്‍എസ്എസ് നേരിട്ടു പറഞ്ഞിട്ടില്ലെന്നാണ് വിവരം. മോഹന്‍ലാലിനോട് അടുപ്പമുള്ള ആര്‍എസ്എസ് നേതാക്കള്‍ വഴി ലാലിനെക്കൊണ്ട് സമ്മതിപ്പാക്കാനായിരുന്നു പരിവാര്‍ നീക്കം. എന്നാല്‍, ഇത് തുടക്കത്തില്‍ത്തന്നെ ലാല്‍ നിരുത്സാഹപ്പെടുത്തിയെന്നാണ് വിവരം.
സിപിഎം നേതാക്കളോട്, പ്രത്യേകിച്ച മുഖ്യമന്ത്രി പിണറായി വിജയനോടും പര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും എ.കെ. ബാലനോടുമൊക്കെ വളരെ നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയായി വരില്ല.
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കമുള്ള കോണ്‍ഗ്രസിന്റെ നേതാക്കളുമായും മോഹന്‍ലാല്‍ ഊഷ്മളബന്ധത്തിലാണ്. തന്റെ തൊഴില്‍ രാഷ്്ട്രീയമല്ല, സിനിമയാണെന്ന് മോഹന്‍ലാല്‍ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.ദേശീയ മാധ്യമങ്ങളിലടക്കം ആര്‍എസ്എസിന്റെ ശ്രമത്തിനു വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്.
മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. വാര്‍ത്തകളോട് മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല. നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങളില്‍ മോഹന്‍ലാല്‍ മോദിയെ പിന്തുണച്ചത് ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞദിവസം മോഹന്‍ലാലുമായ സന്ദര്‍ശനത്തെ നരേന്ദ്രമോദി അവിസ്മരണീയം എന്നാണ് വിശേഷിപ്പിച്ചത്. ‘മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. സാമൂഹ്യപ്രവര്‍ത്തനരംഗത്തെ അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്കുന്നതുമാണ്.
‘മോദി പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്രമോദി മലയാളത്തിന്റെ പ്രിയതാരത്തെ പ്രശംസിച്ച് കുറിപ്പ് എഴുതിയത്. ട്വിറ്ററില്‍ മോഹന്‍ലാലിനെ നരേന്ദ്ര മോദി പിന്തുടരുകയും ചെയ്തു. പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍.
കേരളത്തില്‍നിന്ന് വിരലിലെണ്ണാവുന്നവരില്‍ ഒരാളും.മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തെന്നും എല്ലാ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി.മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരുന്നു. വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളുടെ അടുത്ത് എത്തിച്ചേര്‍ന്നാണ് അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത്.