കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി യുവതിക്ക് അശ്ലീലചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും അയച്ച കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ പിടിയിലായ യുവാവിന് പരാതിക്കാരിയായ യുവതിയുടെ വിവരങ്ങൾ നൽകിയ ഫേസ്ബുക്ക് അക്കൗണ്ട് ഉടമയെക്കുറിച്ചുൾപ്പെടെയാണു പോലീസ് അന്വേഷിക്കുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇതിനിടെ കേസിൽ പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം കടനാട് കൊടുന്പിടി പുഴക്കെതാഴെ വീട്ടിൽ അജിത് (27) ആണ് റിമാൻഡിൽ കഴിയുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിൽ മാന്യത നടിച്ച് മെസഞ്ചറിലൂടെയാണ് ഇയാൾ യുവതിക്ക് അശ്ലീലചിത്രങ്ങളും മറ്റും അയച്ചിരുന്നത്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി യുവതീയുവാക്കളെ കെണിയിൽ വീഴ്ത്തുന്ന വൻശൃംഖലയിൽപ്പെട്ടയാളാണ് പ്രതിയെന്നു പോലീസ് പറഞ്ഞു. ഇയാൾക്ക് നാല് ഫേസ്ബുക്ക് അക്കൗണ്ടുള്ളതായും പോലീസ് കണ്ടെത്തി. സ്ത്രീകളുടെ പേരിലുള്ള അക്കൗണ്ടുകളുമുണ്ട്.
ഈ വിവരങ്ങളെല്ലാം അന്വേഷിച്ചുവരുന്നതായും പ്രതി കൂടുതൽ യുവതികൾക്ക് ഇത്തരത്തിൽ ചിത്രങ്ങൾ അയച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷിച്ചുവരുന്നതായും അധികൃതർ പറഞ്ഞു.