മൂവാറ്റുപുഴ: ഇന്ധന ക്ഷാമത്തെത്തുടർന്നു കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കുന്നതു മൂവാറ്റുപുഴ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു. മൂവാറ്റുപുഴ ഡിപ്പോയിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ട് ആഴ്ചകളായി. തിരക്ക് കുറവുള്ള ഉച്ചസമയങ്ങളിൽ ട്രിപ്പുകൾ റദ്ദു ചെയ്തും മറ്റുമാണ് കൂടുതൽ സർവീസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാർ ശ്രമിച്ചത്.
പ്രളയത്തെത്തുടർന്ന് ഏതാനും ദിവസം സർവീസുകൾ കൃത്യമായി നടത്താതിരുന്നതിനാൽ ഇന്ധനക്ഷാമത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞില്ല. എന്നാൽ എല്ലാ റൂട്ടുകളിലും സർവീസുകൾ കൃത്യമായി പുനരാരംഭിച്ചതോടെ ഇന്ധനക്ഷാമ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുകയാണ്. മൂവാറ്റുപുഴ ഡിപ്പോയിൽനിന്നു തിങ്കളാഴ്ച നിരവധി സർവീസുകളാണ് വെട്ടിച്ചുരുക്കിയത്.
ബസിൽ അവശേഷിച്ച ഇന്ധനവുമായി സർവീസുകൾ ആരംഭിച്ചെങ്കിലും ഉച്ചയോടെ പല ബസുകളിലും ഇന്ധനം തീർന്നു. ഇതോടെ സർവീസ് നിർത്തിവയ്ക്കാൻ ജീവനക്കാർ നിർബന്ധിതരായി. ഇന്നലെ രാവിലെ 12000 ലിറ്റർ ഡീസൽ എത്തിയതോടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയുള്ള സമയങ്ങളിലെ ഏതാനും ട്രിപ്പുകൾ ഇന്നലെയും റദ്ദു ചെയ്യേണ്ടിവന്നു.
എറണാകുളം, കാക്കനാട് ഭാഗത്തേക്കുള്ള ഓർഡിനറി, ജനറം ബസുകളുടെ ട്രിപ്പുകളാണ് ഇന്നലെ റദ്ദാക്കിയത്. ഇന്നു വൈകുന്നരേത്തോടെ ഡീസൽ ലഭ്യമായില്ലെങ്കിൽ നാളെ കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവരും. ഉച്ചസമയങ്ങളിൽ ഇവിടെനിന്നു പുറപ്പെടുന്ന ബസുകളിൽ തിരക്ക് കുറവാണെങ്കിലും ഇവയുടെ തിരിച്ചുള്ള സർവീസ് വൈകുന്നേരങ്ങളിലാണ്.
ഇതുമൂലം ഉച്ചയ്ക്കുള്ള സർവീസുകൾ റദ്ദാക്കുന്നത് വൈകുന്നേരത്തെ സർവീസുകളെ സാരമായി ബാധിക്കും. കെഎസ്ആർടിസി സർവീസുകൾ മാത്രമുള്ള റൂട്ടുകളിൽ യാത്രാക്ലേശം രൂക്ഷമാണ്. 10 ലക്ഷത്തോളം രൂപ പ്രതിദിനം കളക്ഷൻ ലഭിച്ചിരുന്നത് ട്രിപ്പുകൾ റദ്ദാക്കിയതോടെ 8.5 ലക്ഷമായി കുറഞ്ഞു. സർവീസുകൾ വെട്ടിച്ചുരുക്കുന്നതുമൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.