സുനിൽ കോട്ടൂർ
കാട്ടാക്കട : ഇത് ടീച്ചറമ്മയല്ല, നാങ്കളെ തൈവമാണ് ..തൈവം. ഇത് ഒരു ആദിവാസിയുടെ മാത്രം വാക്കുകളല്ല. നുറുകണക്കിന് വിദ്യാർഥികളുടെ വിചാരങ്ങളാണ് . അക്ഷരങ്ങളിലൂടെ കാണിക്കാരുടെ കണ്ണു തുറപ്പിച്ച ടീച്ചറമ്മയെ അവർ ദൈവത്തിന്റെ രൂപമായി കാണുന്നു.
വള്ളം കയറണം, ഏഴ് കിലോമീറ്റർ കാടും താണ്ടണം. പിന്നെ കാത്തിരിക്കുന്ന കുട്ടികളെ പഠിപ്പിക്കണം. അവർക്ക് ആഹാരവും പാകം ചെയ്ത് നൽകണം. അതു കഴിഞ്ഞ് മടക്കം. ഏകാധ്യാപക വിദ്യാലയത്തിന്റെ എല്ലാമെല്ലാമായ ഉഷ അധ്യാപിക പ്രളയകെടുതിയിൽപ്പോലും വിദ്യാർഥികളെ മറന്നില്ല.
അമ്പൂരി പഞ്ചായത്തിലെ കുന്നത്തുമല എന്ന ആദിവാസി കോളനിയിലെ ഏകാധ്യാപിക വിദ്യാലയത്തിലെ ഉഷാകുമാരി എന്ന ടീച്ചറുടെ വിദ്യാലയത്തിലേക്കുള്ള യാത്രകൾ തീർത്തും കഠിനമായിരുന്നു.
ഏകധ്യാപക വിദ്യാലയത്തിലെ നിയമന ഉത്തരവ് കിട്ടുമ്പോൾ ഉഷയ്ക്ക് അഭിമാനമായിരുന്നു. എന്നാൽ പിന്നീട് കിട്ടിയ അനുഭവങ്ങൾ ഇവരെ ശരിക്കും അനുഭവമുള്ള ടീച്ചറാക്കി. രാവിലെ 7 ന് വീട്ടിൽ നിന്നും ഇറങ്ങി കാരിക്കുഴി നെയ്യാർ കടവിലെത്തണം. അവിടെ നിന്നും വള്ളം കയറി വനത്തിൽ കയറണം. പിന്നെ യാത്രയാണ്.
വനത്തിലൂടെ ഏതാണ്ട് 7 കിലോമീറ്റർ നടക്കണം. നെയ്യാർ കാട്ടിലെ വന്യജീവികളുടെ സങ്കേതത്തിലൂടെയാണ് പോകേണ്ടത്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ കാട്ടു മൃഗങ്ങളുടെ കണ്ണിൽപെടാതെ സ്കൂളിലെത്തിയാൽ പിന്നെ കുട്ടികൾക്ക് കഴിക്കാനുള്ള ആഹാരവും ഉണ്ടാക്കുന്ന ചുമതല ഉഷയ്ക്കാണ്. അതു കഴിഞ്ഞാൽ വീണ്ടും പഠിപ്പിക്കുക.
വൈകിട്ട് മൂന്ന് മണിയ്ക്ക് മടക്കം. കാട്ടിലൂടെ നടന്ന് വള്ളം കയറി വീട്ടിലെത്തുമ്പോൾ രാത്രി 6 മണി കഴിയും. ഒരു ദിവസത്തെ ഉഷയുടെ ജീവിതം ഇങ്ങനെയാണ്. കുട്ടികളുടെ സ്റ്റൈപന്റ് വാങ്ങാൻ പോകുക, അവർക്കുള്ള സൗജന്യ അരി വാങ്ങാൻ പോകുക തുടങ്ങി എല്ലാത്തിനും ഉഷാകുമാരിയാണ് പോകേണ്ടത്.
പലപ്പോഴും സ്കൂളിൽ താമസിപ്പിച്ച് പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. അവിടെയും കാട്ടുമൃഗങ്ങളെ ഭയന്നു വേണം കഴിയാൻ. ഈ പ്രതികൂല സാഹചര്യത്തിലും അധ്യാപനം ഉപേക്ഷിക്കാൻ ഉഷ തയ്യാറായിട്ടില്ല. അത് തുടരുന്നു. ഉന്നതങ്ങളിൽ എത്തിയ ഒട്ടേറെ കുട്ടികളുണ്ട്. അവരെല്ലാം ടീച്ചറമ്മയെ കാണാൻ എത്തും. ഒരു ചര്യ പോലെ
ഇന്ന് അഞ്ച് കുട്ടികളാണ് പഠിക്കാൻ എത്തുന്നത്. പുറം നാട്ടിലെത്തി പഠിക്കാൻ കഴിയാത്തവർക്ക് വേണ്ടി ചിട്ടപ്പെടുത്തിയ സ്കൂളിൽ അതൊരു ചര്യയായി ഉഷ എത്തുന്നു. ജീവൻ പണയം വച്ചുള്ള യാത്രയാണ് ഉഷ അനുഭവിക്കുന്നത്. കടുത്ത സാമ്പത്തിക വിഷമത്തിലും അത് വക വയ്ക്കാതെ കാട് താണ്ടി പഠിപ്പിക്കാൻ പോകുകയാണ് ഈ അധ്യാപിക.