അഖിൽ മുരളീധരൻ
കൂർക്കഞ്ചേരി: സ്വാതന്ത്ര്യം മാത്രമല്ല കുതിരപ്രസവും അർധരാത്രിയിലായിരുന്നു. വടൂക്കര എസ്എൻ നഗറിൽ ഇടവഴിപ്പുറത്ത് വീട്ടിൽ സഫറിന്റെ പ്രിൻസിയെന്ന കുതിരയാണ് കുതിരക്കുട്ടിക്ക് ജൻമം നൽകിയത്. അർധരാത്രിയിൽ പ്രിൻസി ഒച്ചവെക്കുന്നത് കേട്ട് പ്രിൻസിയുടെ ഉടമ സഫർ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പ്രിൻസിയുടെ സമീപത്ത് ഒരു കുതിരക്കുട്ടി നിൽക്കുന്നത് കണ്ടത്.
സന്തോഷം കൊണ്ട് സഫർ അർധരാത്രിയാണെന്ന് പോലും ഓർക്കാതെ കൂവിവിളിച്ച് കയ്യടിച്ച് തുള്ളിച്ചാടി. സഫറിന്റെ അർധരാത്രിയിലെ ആർപ്പുവിളി എസ്എൻ നഗറിലെ മിക്ക വീട്ടുകാരും കേട്ടു. എന്താണ് കാര്യമെന്ന് ആർക്കും പിടികിട്ടിയില്ല. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് തങ്ങളുടെ നാട്ടിലൊരു കുതിരക്കുട്ടി ജനിച്ച വിവരം നാട്ടുകാരറിഞ്ഞത്. പിന്നെ എല്ലാ വഴികളും സഫറിന്റെ വീട്ടിലേക്കായി.
22കാരനായ സഫറിന് കുതിരക്കന്പം കുട്ടിക്കാലം മുതൽക്കേയുണ്ട്. മൂന്നുകുതിരകൾ സഫറിന്റെ കൈവശമുണ്ട്. ഇപ്പോൾ എത്തിയ പുതിയ അതിഥിയെ പരിപാലിക്കുന്ന തിരക്കിലാണ് സഫർ.കോയന്പത്തൂരിൽ നിന്നാണ് സഫർ പ്രിൻസിയെ വാങ്ങിയത്. റെയ്സിംഗിൽ പങ്കെടുക്കുന്ന ഇനത്തിൽ പെട്ട ഇംഗ്ലീഷ് ബ്രീഡ് കുതിരയാണ് അഞ്ചുവയസുള്ള പ്രിൻസി.
പ്രിൻസിക്ക് ജനിച്ചതും പെണ്കുതിരയാണ്. വെഹ്റ എന്നാണ് സഫർ കുതിരക്കുട്ടിക്കിട്ടിരിക്കുന്ന പേര്. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത എന്റെ രക്ഷകൻ എന്ന നാടകത്തിൽ സഫറും പ്രിൻസിയും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിനെല്ലാം പ്രിൻസിയെ കൊണ്ടുപോകാറുണ്ടെന്ന് സഫർ പറഞ്ഞു.
കുട്ടികൾക്ക് ഹോഴ്സ് റൈഡിംഗ് പരിശീലിപ്പിക്കാനും പ്രിൻസിയെ ഉപയോഗിക്കാറുണ്ട്. തൃപ്രയാർ സ്കൂളിൽ അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾക്ക് റൈഡിംഗ് പഠിപ്പിക്കാൻ പ്രിൻസിയുണ്ടായിരുന്നു. കല്യാണം, ഉത്സവം, ഘോഷയാത്ര, പള്ളിപെരുന്നാൾ എന്നിവയ്ക്ക് കൊഴുപ്പേകാനും പ്രിൻസിയെ അണിയിച്ചൊരുക്കി കൊണ്ടുപോകാറുണ്ട്.
ഹർത്താൽ ദിനത്തിൽ കുതിരപ്പുറമേന്തി നഗരം ചുറ്റാനെത്തുന്ന സഫർ ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ചതും കുതിരപ്പുറമേന്തി നഗരത്തിലെത്തിയാണ്. പ്ലസ് ടുവിന് പഠിക്കുന്പോൾ കുതിരപ്പുറത്തുകയറി സ്കൂളിലേക്ക് പോയതും അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
കുതിരകളോട് ഏറെ കന്പമുള്ള സഫറിന്റെ വീട്ടിൽ മാത്രമല്ല വടൂക്കര എസ്എൻ നഗറിലും വെഹ്റ എന്ന പുതിയ കുതിരക്കുട്ടി വന്നതിലുള്ള ആഘോഷം തുടരുകയാണ്.