പത്തനാപുരം: ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പിടവൂർ പുളിവിളയിലാണ് ഗ്യാസ് ഗോഡൗൺ നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ കക്ഷിരാഷ്ടട്രീയ ഭേദമന്യേ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഗോഡൗൺ നിർമ്മിക്കുന്ന സ്ഥലത്തിന് സമീപത്തായി നിരവധി വീടുകൾക്ക് പുറമേ ആംഗൻവാടി,വെട്ടു തോട്ടത്തിൽ ദേവി ക്ഷേത്രം, ശ്രീ നാരായണ ഗുരു മന്ദിരം എന്നിവയ്ക്കൊപ്പം, കുടംകുളം പദ്ധതിയുടെ വൈദ്യുത ലൈനുകളും കടന്നു പോകുന്നു. വെട്ടു തോട്ടത്തിൽ ദേവി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് തവണ ഉൽസവത്തിന്റെ ഭാഗമായി ചമയവിളക്ക്, ദീപകാഴ്ച,പൊങ്കാല എന്നിവ നടന്നു വരുന്നതാണ്.
പൊങ്കാല അടുപ്പുകളുടെ നീണ്ട നിര ഗോഡൗണിനായി കണ്ടെത്തിയ സ്ഥലത്തേക്കും നീളുന്നതാണ്. ഗുരുമന്ദിരത്തിലും വിശേഷ ദിവസങ്ങളിൽ പൊങ്കാലയും പായസ സദ്യയും മറ്റ് ചടങ്ങുകളും നടത്തുന്നതും ഈ സ്ഥലത്തിന് സമീപത്തായാണ്.
പ്രദേശവാസികൾക്ക് ഭീഷണിയായും ക്ഷേത്രാചാരങ്ങൾക്ക് തടസമായും ഗോഡൗൺ സ്ഥാപിക്കാനുള്ള ശ്രമം അനുവദിക്കില്ലന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ പറയുന്നു.