പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നടന് മോഹന്‍ലാലിന്റെ കൂടിക്കാഴ്ചയും, അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന ഊഹാപോഹങ്ങളുമൊക്കെയാണ് ഒന്നു രണ്ട് ദിവസങ്ങളായി കേരളത്തില്‍ സജീവമായി നില്ക്കുന്ന ചര്‍ച്ച.
എന്നാല്‍, താന്‍ പ്രധാനമന്ത്രിയുമായി നടത്തിയത് രാഷ്ട്രീയ ചര്‍ച്ചകളല്ലെന്നും മറ്റുചില ആവശ്യങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് കൂടിക്കാഴ്ച നടത്തിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുകയും ചെയ്തു.
ഇതൊക്കെയാണെങ്കിലും മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വമാണ് പലരും വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. പ്രമുഖരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.
അക്കൂട്ടത്തില്‍ ഏവരും കാത്തിരുന്ന ഒന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഈ വിഷയത്തിലുള്ള അഭിപ്രായം. കാത്തിരുന്നതുപോലെ അതെത്തുകയും ചെയ്തിരിക്കുന്നു.
താന്‍ മനസിലാക്കിയിടത്തോളം നടന് മോഹന്‍ലാല്‍ ഒരു മഹാനായ വ്യക്തിയാണ്. അദ്ദേഹം ഒരു വിഡ്ഢിയാണെന്ന് തോന്നുന്നില്ല. പറഞ്ഞു കേള്‍ക്കുന്നതുപോലൊരു മണ്ടത്തരം അദ്ദേഹം ചെയ്യുമെന്നും കരുതുന്നില്ല. അതിന് കാത്തിരിക്കുന്നവര്‍ നിരാശരാകാനേ വഴിയുള്ളൂ. ഏതായാലും രാഷ്ട്രീയ ഭേദമന്യേ ചെന്നിത്തലയുടെ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് ബിജെപി വിരുദ്ധരെല്ലാം.