ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ലോക ഒന്നാം നന്പർ താരം സ്പെയിന്‍റെ റാഫേൽ നദാൽ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഓസ്ട്രിയൻ യുവതാരം ഡൊമിനിക് തീമിനോട് പൊരുതി ജയിച്ചാണ് നദാൽ അവസാന നാലിൽ സ്ഥാനം പിടിച്ചത്. അഞ്ച് മണിക്കൂർ നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിൽ ഇരു താരങ്ങളും കനത്ത പോരാട്ടവീര്യമാണ് കാഴ്ചവച്ചത്. സ്കോർ: 0-6, 6-4 ,7-5, 6-7(4) ,7-6(5).
ആദ്യ സെറ്റിൽ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ നദാലിനെ വിറപ്പിച്ച തീമിന് ആ മികവ് രണ്ടും മൂന്നും സെറ്റുകളിൽ പുലർത്താൻ കഴിഞ്ഞില്ല. നാലാം സെറ്റിൽ ടൈബ്രേക്കറിലൂടെ നേടിയ തീം അഞ്ചാം സെറ്റിലും ലോക ഒന്നാം നന്പർ താരത്തെ വിറപ്പിച്ചാണ് അടിയറവ് പറഞ്ഞത്. മൂന്നാം സീഡ് അർജന്‍റീനയുടെ യുവാൻ മാർട്ടിൻ ദെൽപോട്രോയാണ് സെമിയിൽ നദാലിന്‍റെ എതിരാളി.