മങ്കൊന്പ്: അത്യാസന്ന നിലയിലായിരുന്ന രോഗിയെ 108 ആംബുലൻസിലേക്കു കയറ്റിയ ഉടൻ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസിനു തീപിടിച്ചു. വണ്ടിയിലുണ്ടായിരുന്ന രോഗിയെ രക്ഷപ്പെടുത്തി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോകവേ രോഗി മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു.
നടുഭാഗം കൊണ്ടാക്കൽ വട്ടപ്പുള്ളിത്തറ മോഹനൻനായർ (65) ആണ് മരിച്ചത്. തീപിടിച്ച ആംബുലൻസിൽനിന്നു രോഗിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിലെ മെയിൽ നഴ്സ് പുന്നപ്ര കിഴവനത്തൈ സൈഫുദീൻ (32), സമീപത്തെ കടയുടമ ആന്റണി സെബാസ്റ്റ്യൻ എന്നിവർക്കു പൊള്ളലേറ്റു. സ്ഫോടനത്തിൽ സമീപത്തു പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോയും മൂന്നു ബൈക്കുകളും സമീപത്തെ ചെരിപ്പ് കടയും കത്തിനശിച്ചു. ആലപ്പുഴയിൽ നിന്നു അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്.
നെഞ്ചുവേദനയെത്തുടർന്നു ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മോഹനൻ നായരെ ബന്ധുക്കൾ ഒരു ഓട്ടോയിൽ ചന്പക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. നില വഷളായതോടെ 108 ആംബുലൻസ് എത്തിച്ചു രോഗിയെ ആംബുലൻസിൽ കയറ്റി. തുടർന്ന് ഓക്സിജൻ കൊടുക്കുന്നതിനിടെ സിലിണ്ടറിൽ തീ പിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ആംബുലൻസിലുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു.
മോഹനൻനായരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സെയ്ഫുദീന്റെ മുഖത്തും കൈക്കും പൊള്ളലേൽക്കുകയായിരുന്നു. മോഹനൻനായരെ മറ്റൊരു വാഹനത്തിൽ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എടത്വായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സരളമ്മ. മക്കൾ: പ്രശാന്ത്, പ്രമോദ്. മരുമക്കൾ: ലക്ഷ്മി, ശബ്ന. കത്തിനശിച്ച നടുഭാഗം കൊണ്ടാക്കൽ സുജിയുടെ ഓട്ടോയിലാണ് മോഹനൻനായരെ വീട്ടിൽനിന്നു ചന്പക്കുളം ആശുപത്രിയിലേക്കു കൊണ്ടുവന്നത്.