ലോകം ഉറ്റുനോക്കിയിരുന്ന വിധി! സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി; 157 വർഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്

ന്യൂഡൽഹി: സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ലോകം ഉറ്റുനോക്കിയിരുന്ന വിധിയിലൂടെ 157 വർഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്. സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് ഇതോടെ ഇല്ലാതാകും.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ നാല് വിധിപ്രസ്താവം ഉണ്ടെങ്കിലും ഏകാഭിപ്രായമാണെന്ന് വിധി ആദ്യം വായിച്ച ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആരെ പങ്കാളിയായ സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ്. ലൈംഗികതയുടെ പേരിൽ ഒരു വ്യക്തി ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം സമൂഹത്തിലുണ്ടാകരുത്.

ജീവിക്കാനുള്ള പൗരന്‍റെ സ്വാതന്ത്ര്യമാണ് പരമപ്രധാനം. വ്യക്തിയുടെ സ്വത്വം നിഷേധിക്കുന്നത് മരണത്തിന് തുല്യമായ കാര്യമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചു.

Related posts