വയനാട്ടിലെ യുവ ദമ്പതികളുടെ കൊലപാതകം; രണ്ടുമാസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പോലീസ്

മാനന്തവാടി: നാടിനെ നടുക്കിയ കണ്ടത്തുവയലിലെ യുവദമ്പതികളുടെ കൊലപാതകം നടന്നിട്ട് രണ്ടുമാസം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മാനന്തവാടി ഡിവൈഎസ്പി കെ.ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ പ്രത്യക അന്വേഷണ സംഘം രാവും പകലുമില്ലാതെ അന്വേഷണം നടത്തിയിട്ടും കൊലപാതക കാരണംപോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ഒരുമാസം മുമ്പ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കുകയായിരുന്നു. എന്നാല്‍ പ്രളയത്തിനിടെ കേസ് സംബന്ധിച്ച തുടര്‍ നടപടികളെല്ലാം നിലക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈ ആറിന് പുലർച്ചെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍ (26) ഭാര്യ ഫാത്തിമ (19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇത് രണ്ടും കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ലക്ഷ്യം കണ്ടില്ല. സ്വര്‍ണ്ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ സഹായം പോലീസ് തേടിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

ഇരുമ്പുവടി, ഖനമുള്ള പൈപ്പ് തുടങ്ങിയവ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ദന്പതികളെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഥലത്ത് ഡോക് സ്ക്വാഡും ഫോറൻസിക് വിഭാഗം അരിച്ചുപെറുക്കിയെങ്കിലും അക്രമികളിലേക്ക് എത്തുന്ന ഒരു സൂചനയും ലഭിച്ചില്ല. വീടിനോട് ചേർന്നുള്ള കുളിമുറിയില്‍ നിന്നും മറ്റും ലഭിച്ച കാല്‍പാദത്തിന്‍റെ അടയാളങ്ങള്‍ വച്ച് വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

ദന്പതികളുടെ ജീവിത-കുടുംബ പശ്ചാത്തലം പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണമല്ലാതെ കൊലപാതകത്തിന് കാരണമായി മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാല്‍ ഫാത്തിമയുടെ ശരീരത്തില്‍ സ്വര്‍ണം അവശേഷിച്ചതും വീട്ടിലുണ്ടായിരുന്ന പണം നഷ്ടമാകാതിരുന്നതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

കൊലപാതകം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് ചില നിഗമനങ്ങൾ മാത്രമേയുള്ളൂ എന്നതാണ് വസ്തുത. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ളത്. പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതിരുന്നതിന് പുറമേ വയനാട്ടിൽ പ്രളയം കൂടി ബാധിച്ചതോടെ അന്വേഷണം പൂർണമായും സ്തംഭിക്കുകയായിരുന്നു.

നിലവിൽ അന്വേഷണം ഒന്നിൽ നിന്നും തുടങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടതിനാൽ ഇനി എവിടെ അന്വേഷണം തുടങ്ങുമെന്ന സന്ദേഹത്തിലാണ് അന്വേഷണ സംഘം.

Related posts