ചിങ്ങവനം: നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ സ്നേഹക്കൂട്ടിലെ പേഡയ്ക്കും ഐസ്ക്രീമിനും അൽപം മധുരം കൂടും. കാരണം നാട്ടകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇവ ഉണ്ടാക്കിയത് പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കു സാന്ത്വനമേകാനാണ്.
പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായം നല്കാൻ സ്വന്തം കൈകളാൽ പാലുത്പന്നങ്ങളും പുസ്തകങ്ങളും വിറ്റു മാതൃകയാവുകയാണ് ഈ വിദ്യാർഥികൾ. വിഎച്ച്എസ്സി വിഭാഗത്തിലെ ഡെയറി ടെക്നോളജി വിദ്യാർഥികളാണ് സ്കൂളിൽ തയാറാക്കിയ പേഡ, ഗുലാബ് ജാം, രസഗുള, സിപ് അപ്, ചോക്ലേറ്റ് തുടങ്ങി ഇരുപതോളം വിഭവങ്ങൾ വില്പന നടത്തി ലഭിക്കുന്ന ലാഭം ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നത്.
ഡെയറി ടെക്നോളജി വകുപ്പിനെ കൂടാതെ പ്രിന്റിംഗ് ടെക്നോളജി വിഭാഗം തയാറാക്കിയ നോട്ട് ബുക്ക്, റിക്കാർഡ് ബുക്ക്, പേപ്പർ, പേന എന്നിവയും കുട്ടികൾ വില്പന നടത്തുന്നുണ്ട്. മറിയപ്പള്ളി ജംഗ്ഷൻ, നാട്ടകം കോളജ് ജംഗ്ഷൻ, സ്കൂൾ കാന്പസ് എന്നിവിടങ്ങളിൽ സ്റ്റാളുകൾ സ്ഥാപിച്ചാണു വിദ്യാർഥികൾ വില്പന നടത്തുന്നത്.
സ്നേഹക്കൂടിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു .