പാന്പാടി: പാന്പാടിയിൽ ലോഡ്ജിൽ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന് പിടിയിലായവരുടെ ഏജന്റുമാർ പോലീസ് നിരീക്ഷണത്തിൽ. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഏജന്റുമാരെക്കുറിച്ച് സൂചന ലഭിച്ചത്. ലോഡ്ജുകളിൽ താമസിച്ചായിരുന്നു സംഘത്തിന്റെ കഞ്ചാവ് വില്പന.
14-ാം മൈൽ പുള്ളിയിൽ ബിനിൽ മാത്യു വർഗീസ് (20), മീനടം പാന്പാടിക്കണ്ടത്തിൽ ചാൾസ് അജി ഫിലിപ്പ്(20) എന്നിവരെയാണ് പാന്പാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി.അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 പൊതി കഞ്ചാവും സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി.
പാന്പാടി ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് കച്ചവടം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇരുവരും മയക്കുമരുന്ന് സംഘത്തിലും ഉൾപ്പെട്ടവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിനിൽ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
സ്കൂൾ,കോളജ് വിദ്യാർഥികൾക്കു പുറമെ കേറ്ററിംഗ് മേഖലയിൽ ജോലിക്കു പോകുന്ന വിദ്യാർഥികൾക്കും കഞ്ചാവ് നല്‍കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ഏജന്റുമാരെ വച്ചായിരുന്നു കഞ്ചാവ് കച്ചവടം. ഇവർ നല്കിയ വിവരമനുസരിച്ചു ഏജന്റുമാരെ പിടികൂടുന്നതിനു ശ്രമം ആരംഭിച്ചു.
അസി. എക്സൈസ്ഇൻസ്പെക്ടർ പി.എൻ.സജീവ്, പ്രിവന്റീവ് ഓഫീസർമാരായ ബിജു ജേക്കബ്, സി.ആർ.രമേശ്, സിഇഒമാരായ മാമ്മൻ ശാമുവൽ, അഭിലാഷ്, പ്രവീണ്‍ പി.നായർ, ഹരികൃഷ്ണൻ, ആശാലത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.