സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് ചുമതലയേറ്റ് ഒരു മാസം പിന്നിട്ടിട്ടും പുനഃസംഘടന നടത്താൻ കഴിയാതെ ബിജെപി. പുതിയ സംസ്ഥാന പ്രസിഡന്റ് ചുമതലയേറ്റതോടെ പഴയ ഭാരവാഹികളുടെ ചുമതല പേരിനുമാത്രമായി ഒതുങ്ങിയിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് പുതിയ സംസ്ഥാന ഭാരവാഹികളെ നോമിനേറ്റ് ചെയ്ത് സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകുന്നതാണ് ബിജെപിയുടെ രീതി. എന്നാൽ ശ്രീധരൻ പിള്ള ചുമതലയേറ്റ് മാസം പിന്നിട്ടിട്ടും പുതിയ കമ്മിറ്റിക്ക് രൂപം നൽകാൻ സാധിച്ചിട്ടില്ല.
സംസ്ഥാന കമ്മിറ്റി രൂപീകരണത്തിനുശേഷമേ ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനയും വിവിധ മോർച്ചകളുടെ പുനഃസംഘടനയും സാധ്യമാകുകയുള്ളൂ. എന്നാൽ ഗ്രൂപ്പ് പോര് മുറുകുന്നതോടെ പാർട്ടിയിൽ പുനഃസംഘടന നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നേതാക്കൾ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലും അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം.
ഗ്രൂപ്പ് നേതാക്കളെ തൃപ്തിപ്പെടുത്തിയാണ് കഴിഞ്ഞ ടേമിൽ നാല് ജനറൽ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരുന്നത്. ഇത് ഇത്തവണ സമവായത്തിലെത്താൻ പ്രതിസന്ധികളേറെയാണെന്ന് നേതാക്കൾ സമ്മതിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളെ മാറ്റി സംസ്ഥാന പ്രസിഡന്റിന്റെ അടുപ്പക്കാരനായ ഒരാളെ സ്ഥാനത്തെത്തിക്കാനുള്ള ചരടുവലി നടക്കുന്നതായും വിവരമുണ്ട്. ഇതിന് പുറമെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും ഗ്രൂപ്പ് നേതാക്കൾ അവകാശവാദവുമായി രംഗത്തുണ്ട്.
നിലവിൽ എം.ടി. രമേശ് പക്ഷത്തിനാണ് യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനമുള്ളത്. ഇതടക്കം മഹിളാ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി വി. മുരളീധരൻപക്ഷം ഇതിനോടകം തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. എസ്സി മോർച്ച, ഒബിസി മോർച്ച എന്നിവയിൽ വി. മുരളീധരൻപക്ഷത്തിനാണ് ഇപ്പോൾ മേൽക്കൈയുള്ളത്. മറ്റു മോർച്ചകൾ കൂടി മുരളീധരൻപക്ഷം പിടിച്ചെടുത്താൽ പാർട്ടിയിൽ മുരളീധരന് വ്യക്തമായ മേൽക്കോയ്മ നേടാൻ സാധിക്കും.
അതേസമയം ജില്ലാ കമ്മിറ്റികളുടെ കാര്യത്തിൽ കരുതലോടെയാണ് സംസ്ഥാന പ്രസിഡന്റിന്റെ നീക്കമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ശ്രീധരൻപിള്ളയുടെ കർമമണ്ഡലമായ കോഴിക്കോട് ജില്ലയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.പി. ജയചന്ദ്രൻ മാസ്റ്ററെ നീക്കാനാണ് സാധ്യത. കോഴിക്കോട് ജില്ലാ പ്രസിഡന്റായി ശ്രീധരൻ പിള്ളയുടെ വിശ്വസ്ഥനും എം.ടി. രമേശിന്റെ അടുപ്പക്കാരനുമായ നിലവിലെ സംസ്ഥാന സെക്രട്ടറിയെ നോമിനേറ്റ് ചെയ്യുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
തിരുവനന്തപുരത്തും ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനും സ്ഥാനചലനമുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. അതിനിടെ പുനഃസംഘടന നടക്കാത്തത് പാർട്ടിക്കുള്ളിയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. പുതിയ സംസ്ഥാന പ്രസിഡന്റ് വന്നിട്ടും പാർട്ടിയുടെ പ്രവർത്തനം നിർജീവമാണെന്ന അഭിപ്രായക്കാരാണ് ഏറെയും.
ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കാവുന്ന നിരവധി രാഷ്ട്രീയ വിഷയങ്ങളുണ്ടായിട്ടും പുനഃസംഘടന നടക്കാത്തതിനാൽ പാർട്ടിക്ക് അതുവേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും ബിജെപി വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും നേതാക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
സേവാഭാരതിയുടെ പ്രവർത്തനം മാറ്റി നിർത്തിയാൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ബിജെപി ബഹുദൂരം പിറകിലാണെന്നും ഒരു വിഭാഗം നോക്കൾ പറയുന്നു. പാർട്ടി പുനസംഘടന വൈകുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.