കോട്ടയ്ക്കൽ: ആൾകൂട്ടത്തിന്റെ മർദനമേറ്റു യുവാവ് തൂങ്ങിമരിച്ച കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി തിരൂർ ഡിവൈഎസ്പി പി.ടി. ബിജു ഭാസ്കർ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ യുവാവിനെ കെട്ടിയിട്ട ദൃശ്യം പ്രചരിപ്പിച്ചവരിൽ ഒരാളെയാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. കേസിൽ എട്ടിലേറെ പേർ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഒളിവിൽ കഴിയുന്ന ഇവരെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു. യുവാവിനെ കെട്ടിയിട്ട ദൃശ്യം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടർന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.
കുറ്റിപ്പാല പണിക്കർപ്പടി പൂഴിത്തറ മുസ്തഫയുടെ മകൻ മുഹമ്മദ് സാജിദ് (22) ആണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ചത്. കഴിഞ്ഞമാസം 28നാണ് ക്ലാരിയിലെ ഒരു വീട്ടിൽ അസമയത്തു കണ്ട സാജിദിനെ കെട്ടിയിട്ടു മർദിച്ചത്. തുടർന്നു സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്.