തൃശൂർ: സംസ്ഥാനത്തെ എക്സൈസ് സേനയിലേക്കു കൂടുതൽ വനിതാ സിവിൽ ഓഫീസർമാരെ റിക്രൂട്ടു ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. പരിശീലനം പൂർത്തിയാക്കിയ 115 ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ എക്സൈസ് സേനയ്ക്കു പ്രധാന പങ്കുണ്ട്. ലഹരിക്കെതിരേ കർശന നടപടി വേണം. യുവാക്കളും വിദ്യാർഥികളും ലഹരിയിലേക്കു വഴിതെറ്റിപ്പോകുന്നതു തടയണം. ഈ വർഷം 11,000 മയക്കുമരുന്നു കേസുകൾ പിടികൂടി. 42,000 അബ്കാരി കേസുകളും ഫയൽ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എക്സൈസിന്റെ പത്തു ചെക്കുപോസ്റ്റുകൾ നവീകരിച്ചു. പത്തു ചെക്കുപോസ്റ്റുകൾ കൂടി ഉടൻ കംപ്യൂട്ടർവത്കരിക്കും. എക്സൈസ് ഓഫീസുകളിലും ഒന്നിലേറെ വനിതാ ഓഫീസർമാർ ഉണ്ടാകണമെന്നാണു സർക്കാരിന്റെ ആഗ്രഹം. അഴിമതിക്കെതിരേ ജാഗ്രത വേണമെന്നും മന്ത്രി ഓർമിപ്പിച്ചു.
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.