ഷൊർണൂർ: ശശിപ്രശ്നത്തിൽ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ചേരിപ്പോര്. ശശിയെ അനുകൂലിച്ചും എതിർത്തും സിഐടിയുവിലും പൊട്ടിത്തെറി. സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നാണ് മറുഭാഗത്തിന്റെ ആവശ്യം.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ശശിയെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിൽ രൂപംകൊണ്ട ചേരിതിരിവ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒറ്റക്കെട്ടായി പ്രശ്നത്തെ നേരിടാൻ കഴിയാത്തവിധം കാര്യങ്ങൾ കൈവിട്ടുപോയ സ്ഥിതിയാണ്.
പി.കെ.ശശിക്കെതിരേ നടപടിവേണമെന്ന നിലപാടിൽ ഉറച്ചുനില്ക്കുന്നവരെ മയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വഴങ്ങുന്ന ലക്ഷണമില്ല. അതേസമയം, വിഷയം സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയിലായതിനാൽ ഒന്നും ചെയ്യാനില്ലെന്നാണ് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ നിലപാട്.
എന്നാൽ ജില്ലാ സെക്രട്ടറിക്കു പരാതി നല്കിയതിൽ എന്തുചെയ്തുവെന്ന മറുചോദ്യത്തിന് പരാതി സംസ്ഥാന ഘടകത്തെ അന്നുതന്നെ അറിയിച്ചുവെന്ന മറുപടിയാണ് ജില്ലാ സെക്രട്ടറി നല്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായതിനാലാണ് ലഭിച്ച പരാതി സംസ്ഥാനത്തിനു കൈമാറിയതെന്നാണ് വിശദീകരണം.
ഡിവൈഎഫ്ഐയിലും പ്രശ്നം സങ്കീർണമാണ്. തങ്ങളുടെ ജില്ലാ കമ്മിറ്റിയംഗത്തിനെതിരേ നടത്തിയ അതിക്രമം മൂടിവയ്ക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് ഡിവൈഎഫ്ഐയിൽ പ്രബലവിഭാഗം ഉയർത്തുന്ന ആക്ഷേപം.
ഫലത്തിൽ പീഡന പരാതി സിപിഎമ്മിനെ മാത്രമല്ല, പോഷകസംഘടനകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.