തൃശൂർ: പരിസരവാസികളുടെ സഞ്ചാരം തടസപ്പെടുത്തി പഞ്ചായത്ത് റോഡ് കൈയേറി നിർമിച്ചുവെന്ന പരാതിയിൽ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് , മുൻ സെക്രട്ടറി, വാർഡ് അംഗം എന്നിവരെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ ലോകായുക്ത ഉത്തരവ്.
റോഡ് ഉപയോഗിക്കുന്ന പ്രദേശവാസികളായ പ്രദീപ്, വിബീഷ് എന്നിവർ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. അന്നമനട പഞ്ചായത്തിലെ മുൻ സെക്രട്ടറി അന്ന സ്റ്റീഫൻ, പ്രസിഡന്റ് ടെസി ടൈറ്റസ്, 11-ാം വാർഡ് അംഗം ഗീത ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെയാണ് വാറന്റ്.
ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും, പഞ്ചായത്ത് പരിപാലിക്കുന്നതുമായ പഞ്ചായത്ത് റോഡ് കൈയേ റിയതിലും, തുടർച്ചയായി ഹാജരാവാനുള്ള നിർദേശം പാലിക്കാതിരുന്നതിലുമാണ് അറസ്റ്റുചെയ്തു ഹാജരാക്കാനുള്ള ലോകായുക്ത ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത എ.കെ.ബഷീർ എന്നിവരുടെ ഉത്തരവ്.
അന്നമനട പഞ്ചായത്തിലെ 11-ാം വാർഡിൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പന്പ് ഹൗസിൽനിന്നും മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡാണ് പ്രദേശവാസികളുടെ സഞ്ചാരം തടഞ്ഞും കൈയേറിയും നിർമാണം നടത്തിയത്.
കോണ്ഗ്രസ് നേതാവിന്റെ അഞ്ചരയേക്കറോളം വരുന്ന പറന്പിലേക്കു മാത്രമായാണ് ഇവിടെ റോഡൊരുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ലിഫ്റ്റ് ഇറേിഗഷൻ റോഡിലെ നൂറോളം ഉപയോക്താക്കൾ പഞ്ചായത്തിനു പരാതി നല്കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. പിന്നീടു കളക്ടർക്കും ആർഡിഒയ്ക്കും പരാതി നൽകി. നടപടിയുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിച്ചത്. ഒക്ടോബർ 17നു കേസ് പരിഗണിക്കും.