കുളത്തുപ്പുഴ: കുളത്തുപ്പുഴ ടൗണ്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ വീണ്ടും സാമൂഹ്യവിരുദ്ധ ശല്യം. സ്കൂളിലെ ഒന്നാം ക്ലാസ് റൂമില്‍ നിന്നും ഒഴിഞ്ഞ മദ്യകുപ്പികളും ഗ്ലാസുകളും സിഗററ്റ് കുട്ടികള്‍, കഴിച്ച ശേഷം ഉപേക്ഷിച്ച ആഹാര സാധനങ്ങളും കണ്ടെത്തി. രാവിലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ഥികളാണ് ആദ്യം ഇത് കണ്ടെത്തിയത്.
ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യകുപ്പികളും മറ്റുസാധനങ്ങളും കണ്ടെടുക്കുന്നത്.സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മദ്യകുപ്പികളും ഗ്ലാസുകളും അവിടെ നിന്നും നീക്കം ചെയ്തു.
എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു മതില് മാത്രം അകലത്തില്‍ പ്രവര്‍ത്തിക്കുന്ന കുളത്തുപ്പുഴ യുപി സ്കൂളില്‍ നിരന്തരം സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നത് ഖേദകരം എന്നറിയിച്ച പഞ്ചായത്ത് പ്രിസിഡന്റ് ലൈലാബീവിയെ അവഹേളിക്കുന്ന തരത്തിൽ കുളത്തുപ്പുഴ എസ് ഐ പെരുമാറിയത് പ്രതിഷേധത്തിന് കാരണമായി.
എസ്ഐ യുടെ നിലപാടിനെതിരെ സിപിഎം നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.കാര്യങ്ങള്‍ വാക്കേറ്റത്തിനും കൈയേറ്റത്തിലേക്കും എത്തുന്ന സാഹചര്യം ഉണ്ടായതോടെ കൂടുതല്‍ പോലീസ് എത്തി എസ്ഐ യെ സ്കൂളിന് പുറത്ത് എത്തിക്കുകയായിരുന്നു.
സ്കൂളില്‍ അടിക്കടി ഉണ്ടാകുന്ന സാമൂഹ്യ വിരുദ്ധ ശല്യം തടയാന്‍ പോലീസ് നടപടി സ്വീകരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധം ഉണ്ടെന്നും ഈ വിവരം ജില്ലാ പോലീസ് മേധാവി, കളക്ടര്‍ അടക്കമുള്ളവരെ ധരിപ്പിക്കുമെന്നും പി ലൈലാബീവി പറഞ്ഞു. ഒരാഴ്ച മുമ്പാണ് സ്കൂളിലെ ടാപ്പുകളും വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടറും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.