തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്കുള്ള 10,000 രൂപയുടെ ധനസഹായ വിതരണം വെള്ളിയാഴ്ച പൂർത്തിയാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. സംസ്ഥാനത്ത് നിലവിൽ 146 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാന്പുകളിലായി 2,267 പേർ കഴിയുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരിതബാധിതർക്കായുള്ള കിറ്റ് വിതരണം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്നുള്ള പകർച്ചവ്യാധികൾ തടയാൻ പ്രതിരോധ മരുന്നുകൾ എല്ലാ പ്രദേശത്തും എത്തിക്കാൻ സൗകര്യം ഒരുക്കി. ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തുവരികയാണ്. രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കലോത്സവം വേണ്ടെന്നുവച്ചെങ്കിലും ഗ്രേസ് മാർക്കിനുവേണ്ടി മത്സരങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർഭാടം ഒഴിവാക്കി കുട്ടികളുടെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.