ജഡേജയും വിഹാരിയും ഓവലിൽ കളിച്ചേക്കും

ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ആദ്യ നാല് ടെസ്റ്റുകൾ കളിച്ച ആർ.അശ്വിന് പകരം രവീന്ദ്ര ജഡേജയെ ഇന്ത്യ പരീക്ഷിച്ചേക്കും. ഓൾ റൗണ്ടർ എന്ന നിലയിൽ ഒരു ടെസ്റ്റിൽ മാത്രം തിളങ്ങിയ ഹർദിക് പാണ്ഡ്യയ്ക്കും സ്ഥാനചലനം സംഭവിക്കുമെന്നാണ് സൂചന. പകരം ഹനുമ വിഹാരി ടെസ്റ്റ് അരങ്ങേറ്റം നടത്തും. മോശം ഫോമിൽ കളിക്കുന്ന ഓപ്പണർമാരിൽ ഒരാളെ മാറ്റി പൃഥ്വി ഷായ്ക്ക് അവസരം നൽകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് നിലവിൽ ഭീഷണിയില്ല. ആദ്യ രണ്ടു ടെസ്റ്റുകൾ കളിച്ച ദിനേശ് കാർത്തിക് പരാജയമായതോടെയാണ് മൂന്നും നാലും ടെസ്റ്റുകളിൽ പന്ത് വിക്കറ്റിന് പിന്നിൽ ഗ്ലൗ അണിഞ്ഞത്. ബാറ്റിംഗിൽ കാര്യമായി ശോഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

പുതുമുഖം എന്ന നിലയിൽ പന്തിന്‍റെ ബാറ്റിംഗിലെ പിഴവ് ടീം മാനേജ്മെന്‍റ് നിലവിൽ പരിഗണിച്ചേക്കില്ല. വെള്ളിയാഴ്ചയാണ് പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തുടങ്ങുന്നത്. 3-1 എന്ന നിലയിൽ ഇംഗ്ലണ്ട് പരന്പര നേടിക്കഴിഞ്ഞതിനാൽ മത്സരം അപ്രധാനമാണ്.

Related posts