പത്തനംതിട്ട: പ്രളയക്കെടുതിയിലായ പത്തനംതിട്ടയെ എലിപ്പനി പിടിച്ചുലയ്ക്കുന്നു. രോഗം നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്പോഴും രോഗബാധയ്ക്കു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവില്ല. പ്രതിരോധ മരുന്നു വിതരണത്തിൽ പ്രളയബാധ സമയത്തും ദുരിതാശ്വാസ പ്രവർത്തനരംഗത്തും കാട്ടിയ നിസംഗതയാണ് എലിപ്പനി വ്യാപകമാകാനിടയാക്കുന്നതെന്ന് ആരോപണമുയർന്നു.
പ്രളയം രൂക്ഷമായതിനു പിന്നാലെ ആളുകൾ ശുചീകരണപ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരുന്നു.ശുചീകരണത്തിന്റെ ആദ്യദിനത്തിൽ പ്രതിരോധമരുന്നുകൾ പലയിടങ്ങളിലുമെത്തിയില്ല. പനി ബാധിതരും ശരീരത്തിൽ മുറിവുള്ളവരുമൊക്കെ ചെളിയിൽ കുതിർന്നു കിടന്ന മേഖലകളിൽ ജോലിയിൽ ഏർപ്പെട്ടു.
സന്നദ്ധപ്രവർത്തകരടക്കം രംഗത്തിറങ്ങിയതോടെയാണ് പ്രതിരോധ മരുന്നുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്. ആദ്യദിനങ്ങളിൽ ആശുപത്രികൾ മുഖേന മാത്രമായിരുന്നു മരുന്നു വിതരണം. രണ്ട് ഡോസ് മരുന്ന് കഴിച്ചിരിക്കണമെന്ന നിർദേശം പലയിടത്തും ഉണ്ടായില്ല.
റാന്നി, അയിരൂർ മേഖലകളിൽ ഒരു ഡോസ് മരുന്ന് കഴിച്ചവർ പലരും രോഗബാധിതരായി. രണ്ടാം ഡോസ് ഇവർക്ക് കൃത്യമായി എത്തിച്ചില്ല. റാന്നിയിൽ ശുചീകരണം കഴിഞ്ഞാണ് പലരും മരുന്ന് വാങ്ങിക്കഴിച്ചത്.. ഇന്നലെ 446 പേരാണ് പനി ബാധിതരായി ജില്ലയിൽ ചികിത്സ തേടിയത്.
ആറു പേരിൽ എലിപ്പനിയും മൂന്നു പേരിൽ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 15 പേരെ എലിപ്പനി സംശയിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇന്നലെ എലിപ്പനി മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം ആറന്മുളയിൽ കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ ലതിക (55) മരിച്ചിരുന്നു. ചാത്തങ്കേരി സ്വദേശി സതീശന്റെ മരണവും എലിപ്പനിയാണെന്നു സ്ഥിരീകരിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരെയാണ് ഇപ്പോൾ പ്രധാനമായും എലിപ്പനി ബാധിച്ചിരിക്കുന്നത്. പലരും ഒരു ഡോസ് മരുന്ന് കഴിച്ചുവെങ്കിലും രണ്ടാം ഡോസ് വാങ്ങിയിരുന്നില്ല. റവന്യു ഉദ്യോഗസ്ഥർ അടക്കം എലിപ്പനി സംശയിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചത് ആശങ്ക വർധിപ്പിക്കുന്നു. ഇതിനിടെ എലിപ്പനി ബോധവത്കരണവും മരുന്നുവിതരണവും കുറെക്കൂടി കാര്യക്ഷമമാക്കണമെന്നാവശ്യവുമായി എംഎൽഎമാർ അടക്കം രംഗത്തെത്തി.