പാലക്കാട്: പി.കെ. ശശി എംഎൽഎക്കെതിരെയുള്ള പീഡന പരാതിയിൽ പ്രതിഷേധം വ്യാപകം. എംഎൽഎയ്ക്കുനേരെ യുവമോർച്ചയുടെ കരിങ്കൊടി. ഇന്നു രാവിലെ ചെർപ്പുളശേരിയിൽ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെ വേദിക്കു മുന്നിലായിരുന്നു യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
പിന്നീട് മുദ്രാവാക്യംവിളിച്ച് നിലത്തിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് നീക്കംചെയ്തു. കഴിഞ്ഞദിവസം എംഎൽഎയുടെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. പീഡനാരോപണകേസിൽ എംഎൽഎയ്ക്കുനേരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
ഇതിനിടെ മാധ്യമങ്ങളെകണ്ട എംഎൽഎ പരാതിയൊന്നുമില്ലാതെയാണ് തന്നെ വേട്ടയാടുന്നതെന്ന് പ്രതികരിച്ചു. പരാതിയുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം നടത്തി തെറ്റുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ രണ്ടുകൈയും നീട്ടി സ്വീകരിക്കും. അതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യവും ആർജവവും തനിക്കുണ്ട്. തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല.
തനിക്കെതിരെ പ്രതിഷേധിക്കുന്നവരോട് യാതൊരു പ്രതിഷേധവുമില്ല. എന്നാൽ യാതൊരു പരാതിയുമില്ലാതെയാണ് മാധ്യമങ്ങളുടെ വേട്ടയാടലെന്നും എംഎൽഎ പറഞ്ഞു. തന്റെ ചെറുതല്ലാത്ത പൊതുജീവിതം എല്ലാവർക്കും അറിയാമെന്നും, ചോദ്യം ചോദിച്ച് വെട്ടിലാക്കാൻ ശ്രമിച്ചാൽ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.