ജെറി എം. തോമസ്
കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾവഴി പ്രാദേശികപഠനം നടത്തുന്നതിന് പ്രത്യേക പദ്ധതിയുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില). പ്രാദേശികതലം മുതൽ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനനുസരിച്ചുളള ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയുമാണ് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കില ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനത്തെ പ്രശ്നബാധിത പ്രദേശങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ ജില്ലകൾ പ്രകൃതിക്ഷോഭത്തിന്റെ കാര്യത്തിൽ ഹോട്ട് സ്പോട്ട് എന്ന വിഭാഗത്തിൽപ്പെടുന്നവയാണ്. ഇവിടങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കൃഷി, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കിലയുടെ ആഭിമുഖ്യത്തിൽ ആദ്യഘട്ടത്തിൽ അതാത് പ്രദേശങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വിലയിരുത്തലുകൾ നടത്തും.
നിലവിൽ അനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റങ്ങളും അതിന്റെ ഫലമായി സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന പ്രാരംഭഘട്ടത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കും. അതോടൊപ്പം കിലയുടെ നേതൃത്വത്തിലും വിദഗ്ധസംഘം പഠനം നടത്തും.
കൊച്ചി യൂണിവേഴ്സിറ്റിയിലെ അറ്റ്മോസ്ഫെറിക് സയൻസ് വിഭാഗത്തിന്റെ സഹായത്തോടുകൂടിയാവും ഈ പഠനറിപ്പോർട്ട് തയാറാക്കുക. തുടർന്ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ പ്രാദേശിക ഉദ്യോഗസ്ഥർ നല്കിയ റിപ്പോർട്ടിന്റേയും കിലയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റേയും പശ്ചാത്തലത്തിൽ മുൻ കാലങ്ങളിലേയും നിലവിലേയും കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്യും.
ഭാവിയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളും പഠനവിധേയമാക്കും. ഇതിനുശേഷം കില തയാറാക്കുന്ന വിദഗ്ധറിപ്പോർട്ട് പഞ്ചായത്ത് അധികൃതർക്ക് കൈമാറും. മൂന്നാംഘടത്തിൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഈ പ്രദേശങ്ങളിൽ വന്നേക്കാവുന്ന മാറ്റങ്ങൾ മുന്നിൽ കണ്ടുള്ള പ്രവർത്തനത്തിന് മുൻതൂക്കം നൽകുമെന്ന് കില ഡയറക്ടർ ജോയ് ഇളമണ് പറഞ്ഞു.
ഓരോ പ്രദേശത്തിന്റേയും ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും ആവിഷ്കരിക്കുക. നിലവിൽ നാല് ജില്ലകളിലായി 270 പഞ്ചായത്തുകളാണ് ഈ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായിവരികയാണ്.
എന്നാൽ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രവർത്തനങ്ങളിൽ പ്രതിബന്ധങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ മറ്റ് ജില്ലകളിലേക്കും സമാന പഠനങ്ങൾ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.