കൊരട്ടി: നാട് പ്രളയദുരിതത്തിൽപെട്ട ദിവസം വിദേശമദ്യ വില്പനശാലയിലേക്കു കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ മോഷ്ടിച്ച ആറുപേരെ കൊരട്ടി പോലീസ് പിടികൂടി. എട്ടര ലക്ഷത്തോളം വില വരുന്ന 824 പെട്ടി മദ്യമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ ഇരുപതോളം പേരുള്ളതായാണ് സൂചന.
നെടുന്പിള്ളി അനിരുദ്ധൻ(45), കുഴിപ്പിള്ളി സുന്ദരൻ(42), പൈനാടത്ത് തോമാസ്(52), പാറപ്പുറത്ത് ഗോകുൽനാഥ്, കല്ലുങ്ങപ്പുറം രതീഷ് കുമാരൻ, ആശാരിമുക്ക് പറന്പിൽ രാജേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബാക്കിയുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരുംദിവസങ്ങളിൽ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
ചാലക്കുടി ബീവറേജ് വെയർ ഹൗസിലേക്കു കൊണ്ടുപോയ മദ്യം പ്രളയത്തെതുടർന്ന് അവിടെ ഇറക്കുവാൻ സാധിക്കാതെ വന്നപ്പോൾ മുരിങ്ങൂർ പോൾസണ്‍ ഡിസ്റ്റിലറിയിൽ എത്തിച്ച് ലോറികൾ കന്പനിയിൽ പാർക്ക് ചെയ്യുകയായിരുന്നു.
വെള്ളം പൊങ്ങി ഡിസ്റ്റിലറിയും പരിസരവും മുങ്ങിയപ്പോൾ നീന്തിച്ചെന്നാണ് സംഘം രണ്ടു ലോറികളിൽ നിന്നായി മദ്യം കടത്തി കൊണ്ടുപോയത്. കന്പനിയിലെ സിസിടിവി കാമറയിൽനിന്നും മറ്റുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കൊരട്ടി സബ് ഇൻസ്പെക്ടർ കെ.എസ് സുബീഷ്മോനൊടൊപ്പം എഎസ്ഐ സജി വർഗീസ്, സീനിയർ സിപിഒമാരായ സിജു മഹേഷ്, രഞ്ജിത്, സിപിഒ ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.