തൃശൂർ: ഡീസൽ ക്ഷാമത്തിന്റെ പേരിൽ കെഎസ്ആർടിസി സർവീസ് വെട്ടിക്കുറയ്ക്കുന്നതോടെ വെട്ടിലായിരിക്കുന്നത് ഡ്രൈവർമാരും കണ്ടക്ടർമാരും. സർവീസ് വെട്ടിക്കുറയ്ക്കുന്നതിനാൽ ജീവനക്കാരുടെ ഡ്യൂട്ടിയും ഇല്ലാതാകുകയാണ്. എന്നാൽ ബസ് സർവീസ് വെട്ടിക്കുറയ്ക്കുന്നതിന്റെ പേരിൽ നഷ്ടമുണ്ടാകുന്നത് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മാത്രമാണെന്നാണ് പരാതി ഉയരുന്നത്.
ടാങ്കിൽ ഡീസലെത്തിയില്ലെങ്കിലും അവിടെയുള്ള ജീവനക്കാരുടെ ഡ്യൂട്ടി ഇല്ലാതാക്കുന്നില്ല. വർക്ക്ഷോപ്പിലെ ജീവനക്കാരുടെയും ഓഫീസ് ജീവനക്കാരുടെയുമൊക്കെ ഡ്യൂട്ടിക്ക് ഒരു തടസവും വരുത്താതെ തങ്ങളുടേതല്ലാത്ത കാരണത്താൽ ബസ് സർവീസ് മുടങ്ങുന്നതു മൂലം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ബലിയാടാക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം പുകഞ്ഞു തുടങ്ങി.
ഡീസൽ സമയത്ത് കിട്ടാത്തതിനാൽ പല സർവീസുകളും സമയം വൈകി മാത്രമേ തുടങ്ങാനാകൂ. എന്നാൽ ഡ്യൂട്ടിക്ക് സമയത്തു തന്നെ ഡ്രൈവർമാരും കണ്ടക്ടർമാരും എത്തണം. ഡീസൽ കിട്ടിയാൽ തന്നെ സർവീസ് പൂർത്തിയാക്കാനുള്ളത് കിട്ടാറില്ല. ഇതോടെ ഡ്യൂട്ടിയും ഇല്ലാതാകും. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ് തിരിച്ചെത്തി എറണാകുളത്തിനു പോയി മടങ്ങി തൃശൂരിലെത്തുന്ന സർവീസുകൾ ഡീസലില്ലാത്തതിനാൽ കോഴിക്കോടു നിന്ന് തൃശൂരെത്തുന്പോൾ അവസാനിപ്പിക്കുന്നുണ്ട്.
ഇത്തരത്തിൽ സർവീസ് അവസാനിപ്പിക്കുന്പോൾ ജീവനക്കാരുടെ രണ്ടു ഡ്യൂട്ടി എന്നത് ഒരു ഡ്യൂട്ടിയായി കുറയും. ജോലിക്ക് കാര്യമായ കുറവുമില്ല, എന്നാൽ ഡ്യൂട്ടി കിട്ടുന്നുമില്ല. ബസുകൾ ഓടിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കെഎസ്ആർടിസിയിലെ എല്ലാവർക്കും ശന്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്. എന്നാൽ ബസുകൾ സർവീസ് വെട്ടിക്കുറച്ചാൽ നഷ്ടം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മാത്രം. ഇത് എന്ത് നീതിയെന്നാണ് ജീവനക്കാരുടെ ചോദ്യം.
ഇത്തരം നടപടികൾ അവസാനിപ്പിച്ച് തങ്ങളുടേതല്ലാത്ത കാരണത്താൽ സർവീസ് മുടങ്ങുന്പോൾ ഡ്യൂട്ടി ഇല്ലാതാക്കരുതെന്ന ആവശ്യം സംഘടനകൾ ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മറ്റു നടപടികളെടുക്കുന്നതു സംബന്ധിച്ചും സംഘടനകൾ ചർച്ച നടത്തും.
എന്നാൽ ഡീസൽ ക്ഷാമത്തിന്റെ പേരിൽ എല്ലാ ഡിപ്പോകളിലും ഇരുപത് ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ മുകളിൽ നിന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. പക്ഷേ ഇതു പുറത്തു പറയാതെ ലാഭമില്ലാത്ത സർവീസുകളൊക്കെ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇപ്പോൾ ഡീസലിന് ക്ഷാമമില്ലെന്നാണ് അധികാരികളുടെ വിശദീകരണം. എന്നാൽ ഡീസൽ സമയത്ത് എത്താത്തതിനാൽ പല സർവീസുകളും രാവിലെ തുടങ്ങാൻ സാധിക്കാതെ വന്നിരുന്നു.