അഗളി: കെട്ടുറപ്പുള്ള വീടിനായി അധികാരികളുടെ കനിവു കാത്തുകഴിയുകയാണ് ഏകാകിയായ അറുപത്തിയാറുകാരി വയോധിക. അഗളി പഞ്ചായത്ത് പതിനാറാം വാർഡ് ദോണിഗുണ്ടിൽ മാങ്കുന്നിൽവീട്ടിൽ ലളിതയാണ് നിലംപൊത്താവുന്ന വീട്ടിൽ പ്രാണഭീതിയോടെ കഴിയുന്നത്.28 വർഷംമുന്പ് പച്ചക്കട്ടയിൽ നിർമിച്ച ഓടിട്ട വീടാണ് ലളിതയുടേത്. ഭിത്തികൾ പൊട്ടിപിളർന്നും കാട്ടുകഴുക്കോൽ ഉപയോഗിച്ചുണ്ടാക്കിയ മേൽക്കൂര ദ്രവിച്ചുകഴിഞ്ഞു.
ഓടുകളെല്ലാം നിരങ്ങിനീങ്ങി. ഓടിനുമുകളിൽ വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ കാറ്റെടുത്തുപോയി.കെട്ടുറപ്പുള്ള വീടിനായി മുട്ടാത്ത വാതിലുകളില്ല. ഗ്രാമസഭകളിൽ അപേക്ഷ നല്കിയെങ്കിലും വീടിനു അനുമതി ലഭിച്ചില്ല. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത വീടിന്റെ നിർമാണം വിലയിരുത്താനെത്തിയ ഗ്രാമസേവകനെ നേരിൽകണ്ട് സങ്കടം ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
പഞ്ചായത്തിൽനിന്നും അനുമതി ലഭിക്കാതെ താൻ വീടുകാണുന്നതുകൊണ്ടു പ്രയോജനമില്ലെന്നായിരുന്നു ഗ്രാമസേവകന്റെ മറുപടി. 1981-ൽ ലളിതയെ ഉപേക്ഷിച്ച് ഭർത്താവ് നാടുവിട്ടു. ഒന്നും രണ്ടും വയസ് പ്രായമുള്ള രണ്ടു പെണ്കുട്ടികളെ കൂലിവേല ചെയ്താണ് വളർത്തിയത്.
ഇരുവരെയും വിവാഹം ചെയ്ത് അയച്ചതോടെ വൃദ്ധയായ ലളിത ഒറ്റയ്ക്കായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇവർക്ക് വാർധക്യസഹജമായ രോഗങ്ങളും പിടിപെട്ടു. ദോണിഗുണ്ടിൽ സ്വന്തമായുള്ള മൂന്നുസെന്റ് സ്ഥലത്ത് 456-ാം നന്പർ വീടാണ് ഇവരുടേത്.
മുൻ സർക്കാരിന്റെ കാലത്ത് ഗ്രാമസഭയിൽ അപേക്ഷ നല്കിയതിനെ തുടർന്ന് ലിസ്റ്റിൽ പേർ വന്നിരുന്നുവെന്ന് ലളിത പറഞ്ഞു. തുടർന്നും അപേക്ഷ നല്കിയെങ്കിലും നടപടിയുണ്ടായില്ല. എഴുത്തും വായനയും അറിയാത്താണ് ബുദ്ധിമുട്ടായത്.
ബ്ലോക്കിലും പഞ്ചായത്തിലുമെത്തി സങ്കടം ബോധിപ്പിച്ചെങ്കിലും കനിവുലഭിച്ചില്ല. ജില്ലാ കളക്ടറെ നേരിൽകണ്ട് സങ്കടം ബോധിപ്പിക്കാനുള്ള അറിവും സാന്പത്തികശേഷിയും ശരീരബലവുമില്ല. ഇതുകൊണ്ട് കളക്ടർക്ക് ഒരു നിവേദനം കൂടി അയച്ചുനോക്കണമെന്ന് ലളിത പ്രതീക്ഷയോടെ പറഞ്ഞു.