ചിറ്റൂർ: കന്നിമാരി പാറയ്ക്കൽചള്ളയിൽ എസ് ആകൃതിയിലുള്ള ഹെയർപിൻ വളവിൽ വാഹനയാത്രക്കാർക്ക് തിരിച്ചറിയാവുന്ന വിധത്തിൽ ദിശാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. റോഡിന്റെ ഇരുവശത്തും വീടുകളുള്ളതിനാൽ മുഖാമുഖം എത്തുന്പോഴാണ് വാഹനങ്ങൾ അപകടം തിരിച്ചറിയുന്നത്. റോഡിനു വീതികൂറവായതിനാൽ വഴിമാറിപോകാനും കഴിയില്ല.
സ്വകാര്യബസുകൾക്കും വിദ്യാർഥികളെ കയറ്റി പത്തോളം വാഹനങ്ങൾക്കും പുറേമ മൂലക്കട, നെല്ലിമേട്, കന്നിമാരി, പാട്ടികുളം ഭാഗത്തുനിന്നും ഗോവിന്ദാപുരത്തേക്ക് പോകുന്നവരും ദൂരക്കുറവുള്ളതിനാൽ പാറയ്ക്കൽചള്ള വഴിയാണ് സഞ്ചരിക്കുന്നത്.
ഒന്നരകോടിയോളം രൂപ ചെലവഴിച്ച് പ്രധാനമന്ത്രി സഡക് യോജനപദ്ധതിപ്രകാരം റോഡുനിർമാണം നടത്തിയെങ്കിലും ഇതുവഴിയെത്തുന്നവർക്ക് വളവുതിരിവുകൾ തിരിച്ചറിയുന്നതിന് ദിശാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. യാത്രക്കാർ പാറയ്ക്കൽചള്ള കൊടുംവളവ് മറികടക്കുന്നത് അപകടഭീഷണി മുന്നിൽകണ്ടാണ്.
പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്. റോഡുനിർമാണം നടത്തിയ കരാറുകാരൻ ദിശാബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.