കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി. മംഗള എക്സ്പ്രസില്‍ നിന്ന് ഇന്നു രാവിലെ എട്ടോടെയാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി രാജു (32) നെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന ആര്‍പിഎഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്സ്ക്വാഡാണ് (സിപിഡിഎസ്) സ്വര്‍ണം പിടികൂടിയത്. വടകരയ്ക്കും കോഴിക്കോടിനുമിടിയിലാണ് ബി-2 എസി കമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്യുകയായിരുന്ന രാജുവിനെ ആര്‍പിഎഫ് ശ്രദ്ധിച്ചത്.
രാജുവിനോട് വിശദമായി വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് ബാഗില്‍ എന്താണെന്ന് അന്വേഷിക്കുകയും പരിശോധിക്കുകയുമായിരുന്നു.
ബാഗില്‍ സ്വര്‍ണം കണ്ടെത്തിയതോടെ രാജുവിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രേഖകളും സ്വര്ണത്തിനുണ്ടായിരുന്നില്ല.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് എസ്ഐ നിശാന്തിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ് രാജു മൊഴി നല്‍കിയത്. അതേസമയം രാജുവിനെ ഡിആര്‍ഐയും ജിഎസ്ടി വിഭാഗവും ചോദ്യം ചെയ്തു വരികയാണ്.
ആര്‍പിഎഫിന്റെ പരിശോധനാസംഘത്തില്‍ സുനില്‍, മനോജ്കുമാര്‍, ബിനീഷ് എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആര്‍പിഎഫ് പരിശോധനയില്‍ പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ ട്രെയിന്‍ വഴി നികുതി വെട്ടിച്ച് കടത്തിയ വസ്ത്രശേഖരം പിടികൂടിയിരുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നിന്ന് കൊച്ചുവേളിയിലേക്ക് കൊണ്ടുവന്ന ചുരിദാറുകളാണ് കോഴിക്കോട്ടുവച്ച് ആര്‍പിഎഫ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുപി മുസാഫിര്‍ നഗര്‍ സ്വദേശികളായ അജം, ഷഹനൂര്‍ അഹമ്മദ് എന്നിവരെ കസ്റ്റഡിയിലെടുത്ത് അരലക്ഷത്തോളം രൂപ പിഴ ചുമത്തിയിരുന്നു. പ്രതികളെയും വസ്ത്രങ്ങളും പിന്നീട് ജിഎസ്ടി വകുപ്പിന് കൈമാറി.