വടകര: മണിയൂർ പഞ്ചായത്തിലെ മന്തരത്തൂർ എടവനക്കണ്ടി അമ്മതിന്റെ പശുകൂടി പേ വിഷബാധയേറ്റു ചത്തതോടെ നാട്ടുകാർ ആശങ്കയിലായി. കഴിഞ്ഞ ദിവസവും ഇവിടെ പശുവിന് പേയിളകിയിരുന്നു. ആറു പശുക്കളാണ് ഈ പ്രദേശത്ത് മരണപ്പെട്ടത്. മരണം പെരുകുന്ന സാഹചര്യത്തിൽ അധികൃതർ രംഗത്തെത്തി.
വെറ്ററിനറി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം വടകര താലൂക്ക് വെറ്ററിനറി ഡോക്ടർ സ്നേഹരാജിന്റ നേതൃത്വത്തിൽ ഡോക്ടർമാരായ സുനിൽ, പ്രമോദ്, സുനിൽ, രംൻജിത്ത്, ശ്രീലേഷ് എന്നിവർ പശുവിന്റെ ജഡം പോസ്റ്റ് മോർട്ടം ചെയ്ത് അവയവങ്ങൾ വയനാട് വെറ്ററിനറി കോളജിലേക്ക് അയച്ചു.
സംഭവസ്ഥലം പാറക്കൽ അബ്ദുള്ള എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി എന്നിവർ സന്ദർശിച്ചു. ഡോക്ടർമാരുമായി നേതാക്കൾ ചർച്ച നടത്തി. ജനങ്ങളുടെ ആശങ്ക അകറ്റാനും പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കാനും തീരുമാനിച്ചു.
തുടർന്ന് പഞ്ചായത്തിന്റെയും ക്ഷീരകർഷക സൊസൈറ്റിയുടെയും നേതൃത്വത്തിൽ മന്തരത്തൂർ എംഎൽപി സ്കൂളിൽ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർമാരായ എസ്.ആർ.പ്രഭാകരപിളള, അസി.ഡയരക്ടർ നീനാകുമാർ, വെറ്ററിനറി സർജൻമാരായ പി.ഗിരീഷ് കുമാർ, പ്രമോദ്, എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ ഉദ്ഘാടനം ചെയ്തു.
വാർഡ് മെന്പർമാരായ ഷഹബത്ത് ജൂന, പി.ടി.രമ, കുഞ്ഞിരാമൻ, സുരേഷ്, ക്ഷീരകർഷക സൊസൈറ്റി ഡയറക്ടർമാരായ കുഞ്ഞബ്ദുള്ള, സുജാത, ബാലൻ, എൻ.കണ്ണൻ, അപ്പുണ്ണി ,കെ.കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.