തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയർന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.
ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാൻ കാരണമാകുന്നത്.
പെട്രോൾ ഒരു ലിറ്ററിന് 19.48 രൂപയും ഡീസൽ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്.
കേരളത്തിൽ പെട്രോൾ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം. മേയ് 31-നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നികുതി. നേരത്തേ പെട്രോളിന് 31.8-ഉം ഡീസലിന് 24.52-ഉം ശതമാനമായിരുന്നു വാറ്റ്.
കഴിഞ്ഞവർഷം കേന്ദ്രത്തിനു പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി 2,29,019 കോടി രൂപ കിട്ടി. 2014-15 ൽ ഇതു 99,184 കോടി മാത്രമായിരുന്നു. ഇതേ കാലയളവിൽ സംസ്ഥാനങ്ങൾക്കു പെട്രോളിയത്തിൽനിന്നുള്ള വാറ്റ് വരവ് 1.37 ലക്ഷം കോടിയിൽനിന്ന് 1.84 ലക്ഷം കോടിയായി.