കോട്ടയം: ഹെൽമറ്റ് വച്ചില്ലെന്നാരോപിച്ചു വാഹന പരിശോധന നടത്തുകയായിരുന്ന ഏറ്റുമാനൂർ പോലീസ് യുവാവിന്റെ കഴുത്തിൽ പിടിച്ച് ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ.
ഇതു സംബന്ധിച്ചു അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനുശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നു നടപടി സ്വീകരിക്കുകയെന്നും ആർ. ഹരിശങ്കർ രാഷ്്ട്രദീപികയോടു പറഞ്ഞു.
അതിരന്പുഴ പൈനേൽ ബിബിൻ ജോസഫി (34)നെയാണു ഏറ്റുമാനൂർ പോലീസ് ഹെൽമറ്റ് വച്ചില്ലെന്നാരോപിച്ചു കഴുത്തിനു പിടിച്ചു പോലീസ് ജീപ്പിലേക്കു കയറ്റിയതായി ആരോപണം ഉയർന്നിരിക്കുന്നത്. അതിരന്പുഴ പാറോലിക്കൽ ഭാഗത്ത് ഇന്നലെ രാവിലെ 11.30നാണ് സംഭവം.
ബൈക്ക് വഴിയരികിൽ നിർത്തി അതിരന്പുഴ കുരിശുപള്ളിക്ക് എതിർവശത്തുള്ള പലചരക്കുകടയിൽ നിന്നും സാധനം വാങ്ങി ഓട്ടോറിക്ഷയിൽ കയറാൻ നിൽക്കുന്പോൾ വാഹന പരിശോധനാ സംഘത്തിൽപെട്ട പോലീസുകാരൻ ഹെൽമറ്റ് വച്ചില്ലെന്നാരോപിച്ച് കഴുത്തിൽ പിടിച്ച് ജീപ്പിനടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി.
അതേസമയം ബിബിനെ മർദിച്ചെന്ന പരാതി വ്യാജമാണെന്ന് ഏറ്റുമാനൂർ സിഐ എ.ജെ. തോമസ് വ്യക്തമാക്കി. ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ച ബിബിൻ പോലീസിനെ കണ്ട് ബൈക്ക് നിർത്തി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ കാര്യങ്ങളെല്ലാം വീഡിയോയിൽ പകർത്തിയിട്ടണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.